ന്യൂഡൽഹി: ലോധി കാലഘട്ടത്തിലെ സ്മാരകമായ ശൈഖ് അലിയുടെ ശവകുടീര പരിസരത്തെ പാർക്ക് ബാഡ്മിന്റൺ, ബാസ്കറ്റ്ബാൾ കോർട്ടുകളുടെ നിർമാണത്തിന് ഉപയോഗിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ശൈഖ് അലിയുടെ ശവകുടീരം സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കുന്നതിന് പുതിയ വിജ്ഞാപനം പുറപ്പെടുവിക്കാൻ സുപ്രീംകോടതി നേരത്തേ ഡൽഹി സർക്കാറിനോട് നിർദേശിച്ചിരുന്നു.
പ്രദേശത്ത് കിയോസ്ക്കുകളോ കടകളോ ഉൾപ്പെടെയുള്ള ഏതെങ്കിലും വാണിജ്യ പ്രവർത്തനങ്ങൾ പാടില്ലെന്നും ജസ്റ്റിസുമാരായ സുധാൻഷു ധൂലിയ, അഹ്സാനുദ്ദീൻ അമാനുല്ല എന്നിവരടങ്ങിയ ബെഞ്ച് അധികൃതർക്ക് നിർദേശം നൽകി. പാർക്ക് പൊതുജനങ്ങളുടെ പ്രയോജനത്തിനായി പരിപാലിക്കുകയും മനോഹരമാക്കുകയും ചെയ്യുമെന്ന് അധികൃതർ സുപ്രീംകോടതിക്ക് ഉറപ്പുനൽകി. തുടർന്ന് വിഷയം ആഗസ്റ്റ് 28ലേക്ക് മാറ്റി.
പാർക്കിലെ നിർമിതികൾ നീക്കം ചെയ്യാനും 1960 മുതൽ സ്ഥലം കൈവശപ്പെടുത്തിയതിന് ഡൽഹി സർക്കാറിന്റെ പുരാവസ്തു വകുപ്പിന് 40 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാനും ഡിഫൻസ് കോളനി റസിഡൻറ് അസോസിയേഷനോട് സുപ്രീംകോടതി ആവശ്യപ്പെട്ടതോടെയാണ് തർക്കം ഉടലെടുത്തത്. കുടീരം സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കോളനി നിവാസിയായ രാജീവ് സൂരി കോടതിയെ സമീപിച്ചു. ഈ ഹരജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ പുതിയ നിർദേശം.