നഴ്‌സുമാർ നടത്തുന്നത് സമാനതകളില്ലാത്ത ആതുര സേവനം: മന്ത്രി വീണാ ജോർജ്

09:16 PM May 11, 2025 |


തിരുവനന്തപുരം: നഴ്‌സുമാർ നടത്തുന്നത് സമാനതകളില്ലാത്ത ആതുര സേവനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നഴ്‌സിംഗ് മേഖലയുടെ പുരോഗതിയ്ക്കായി സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. ഇതോടൊപ്പം നഴ്‌സിംഗ് വിദ്യാഭാസത്തിന് മികച്ച പ്രോത്സാഹനവും പിന്തുണയുമാണ് നൽകിവരുന്നത്. 

സർക്കാർ മേഖലയിൽ കാസർഗോഡ്, വയനാട്, ഇടുക്കി, പാലക്കാട്, കൊല്ലം, മഞ്ചേരി പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലും എന്നിവിടങ്ങളിലും സിമെറ്റിന്റെ കീഴിൽ നെയ്യാറ്റിൻകര, വർക്കല, നൂറനാട്, കോന്നി, താനൂർ, ധർമ്മടം, തളിപ്പറമ്പ് എന്നിവിടങ്ങളും ഉൾപ്പെടെ 15 നഴ്‌സിംഗ് കോളേജുകൾ ആരംഭിച്ചു. ഇതിലൂടെ സർക്കാർ, സർക്കാർ അനുബന്ധ മേഖലകളിൽ മാത്രം കഴിഞ്ഞ വർഷം 1020 ബി.എസ്.സി. നഴ്സിംഗ് സീറ്റുകൾ വർധിപ്പിച്ചു. സർക്കാർ, സ്വകാര്യ മേഖലകളിലായി ബി.എസ്.സി. നഴ്‌സിംഗ് സീറ്റുകളുടെ എണ്ണം 9821 സീറ്റുകളാക്കി വർധിപ്പിച്ചു. തിരുവനന്തപുരത്തും ആലപ്പുഴയിലും എറണാകുളത്തും എം.എസ്.സി. മെന്റൽ ഹെൽത്ത് നഴ്‌സിംഗ് കോഴ്‌സ് ആരംഭിച്ചു. ജനറൽ നഴ്‌സിങ്ങിന് 100 സീറ്റുകൾ വർധിപ്പിച്ചു. ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് നഴ്‌സിംഗ് മേഖലയിൽ സംവരണം അനുവദിച്ചു.

ആതുരസേവന രംഗത്തെ പ്രൊഫഷണലുകളുടെ ഏറ്റവും വലിയ ഗ്രൂപ്പാണ് നഴ്‌സിംഗ്. നമ്മുടെ നഴ്സുമാരുടെ സേവന സന്നദ്ധതയും കഴിവും പ്രാഗത്ഭ്യവും മൂലം ആഗോള തലത്തിൽ മലയാളി നഴ്സുമാർക്ക് വലിയ സ്വീകാര്യതയാണുള്ളത്. അത് മുന്നിൽ കണ്ട് വലിയ പ്രവർത്തനങ്ങളാണ് സർക്കാർ നടത്തി വരുന്നത്. വിദേശ രാജ്യങ്ങളിൽ നഴ്സുമാർക്ക് മികച്ച അവസരങ്ങൾ ലഭ്യമാക്കാനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രി വീണാ ജോർജ് ഉൾപ്പെടെയുള്ള സംഘം ചർച്ചകൾ നടത്തിയിരുന്നു. ഇതിന്റെ ഫലമായി വിദേശ രാജ്യങ്ങളിൽ നഴ്‌സുമാർക്ക് വലിയ അവസരങ്ങളാണ് ലഭ്യമായത്.

ആധുനിക നഴ്‌സിങ്ങിന്റെ മാതാവായ ഫ്‌ളോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമായ മേയ് 12 ആണ് അന്താരാഷ്ട്ര നഴ്‌സസ് ദിനമായി ആചരിക്കുന്നത്. ഈ വർഷത്തെ നഴ്‌സസ് ദിന സന്ദേശം 'നമ്മുടെ നഴ്‌സുമാർ, നമ്മുടെ ഭാവി- നഴ്‌സുമാരുടെ ക്ഷേമം ഉറപ്പാക്കുന്നത് സമ്പദ് വ്യവസ്ഥ ശക്തമാക്കുന്നു' (Our nurses our future: caring for nurses strengthens economies) എന്നതാണ്. മെയ് 12ന് വൈകുന്നേരം 4 മണിക്ക് എ.കെ.ജി ഹാളിൽ വച്ച് നടക്കുന്ന സംസ്ഥാന നഴ്‌സസ് ദിനാഘോഷം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി മുഖ്യ പ്രഭാഷണം നടത്തും. ചടങ്ങിൽ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയാകും. സമ്മേളന ഹാളിൽ ലഹരി വിരുദ്ധ ദീപം തെളിയിക്കും. വിവിധ കലാപരിപാടികളോട് കൂടി ഈ വർഷത്തെ നഴ്‌സസ് ദിനാഘോഷം സമാപിക്കും.
--