നിത്യജീവിതത്തിൽ നമ്മൾ എല്ലാവരും ചെറുനാരങ്ങ ഉപയോഗിക്കാറുണ്ട്. പക്ഷെ മിക്കവർക്കും ചെറുനാരങ്ങയുടെ ഗുണങ്ങൾ അജ്ഞാതമാണ്. ആരോഗ്യം, സൗന്ദര്യം എന്നീ മേഖലകളിൽ മാത്രം അല്ല വൃത്തിയിലും നാരങ്ങയെ വെല്ലാൻ ആരുമില്ല. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന അമ്ലഗുണം ഏതു കറകളും നീക്കുവാൻ കഴിവുള്ളതാണ്.
അരുചി, ദാഹം, ചുമ, വാതവ്യാധികൾ, കൃമി, കഫദോഷങ്ങൾ തുടങ്ങിയ രോഗങ്ങൾക്ക് പലരീതിയിൽ ചെറുനാരങ്ങ ഉപയോഗിക്കുന്നത് വളരെ ഗുണം ചെയ്യും. വിറ്റാമിൻ സി, ധാതുലവണങ്ങൾ, സിട്രിക്ക് അമ്ലം, വിറ്റാമിൻ ബി, പൊട്ടാഷ് എന്നിവ ധാരാളമായി ചെറുനാരങ്ങയിൽ അടങ്ങിയിട്ടുണ്ട്. ഇതിലടങ്ങിയ വിറ്റാമിൻ സി രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു.
സിട്രിക്ക് അമ്ലം അടങ്ങിയത് കൊണ്ട് നല്ല വിശപ്പും ആഹാരത്തിനു രുചിയുമുണ്ടാക്കുന്നു. പയോറിയ, മോണരോഗങ്ങൾ, ദന്തക്ഷയം വായ്നാറ്റം പല്ലുകൾക്കുള്ള തേയ്മാനം, പല്ലുകളിൽ കട്ടപിടിച്ചുണ്ടാകുന്ന കൊഴുപ്പ്, വായിലുണ്ടാകുന്ന വ്രണങ്ങൾ എന്നീ രോഗങ്ങൾക്ക് ചെറുനാരങ്ങാനീര് ഫലപ്രദമാണ്.
വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന ചെറുനാരങ്ങ കൊണ്ടുള്ള ചില പൊടികൈകൾ ;
തുളസിയില നീരും ചെറുനാരങ്ങാനീരും സമം ചേർത്ത് പുരട്ടിയാൽ വിഷജീവികൾ കടിച്ചുള്ള നീരും വേദനയും മാറും. ചെറുനാരങ്ങാനീര് തലയിൽ തേച്ചുപിടിപ്പിക്കുന്നതും വെളിച്ചെണ്ണയ്ക്കൊപ്പം തലയിൽ തേക്കുന്നതും താരൻ ശമിപ്പിക്കും. നാരങ്ങാനീര് ശർക്കര ചേർത്ത് രണ്ടുനേരം കഴിക്കുന്നത് ചിക്കൻ പോക്സിന് നല്ലതാണ്. ചുമയ്ക്ക് ഒരു കഷ്ണം ചെറുനാരങ്ങയുടെ നീര് തേൻ ചേർത്ത് രണ്ടുമണിക്കൂർ ഇടവിട്ടു കഴിച്ചാൽ മതി.
അര സ്പൂൺ തേനിൽ അത്രയും നാരങ്ങാനീര് ചേർത്ത് ദിവസവും രണ്ടുനേരം വീതം കൊടുത്താൽ കുട്ടികളിലെ ചുമ മാറുന്നതാണ്. വയറിളക്കത്തിന് ചെറുനാരങ്ങയുടെ നീരും ഒരു സ്പൂൺ തേനും ചേർത്ത് ഒരു ഗ്ലാസ്സ് വെള്ളം തിളപ്പിച്ചാറിച്ച് കുടിക്കുക. കട്ടൻചായയിൽ നാരങ്ങ പിഴിഞ്ഞ് കുടിക്കുന്നതും ഗുണം ചെയ്യും.
ചെറുനാരങ്ങ നീരിൽ ഉമിക്കരിയും കുരുമുളക് പൊടിയും ചേർത്തും പഞ്ചസാര ചേർത്തും പല്ല് തേക്കുന്നത് നല്ലതാണ്. ചെറുനാരങ്ങാവെള്ളത്തിൽ തേൻ ചേർത്ത് കുടിയ്ക്കുന്നത് വണ്ണം കുറക്കാൻ ഉള്ള നല്ലൊരു മാർഗ്ഗമാണ്. ചർമ, കേശ സംരക്ഷണത്തിനും പല രീതിയിലും ചെറുനാരങ്ങ ഫലപ്രദമാണ്.
മുഖത്തെ കറുത്ത പാടുകൾ മാറ്റാൻ ചെറുനാരങ്ങ രണ്ടായി മുറിച്ചു ഒരു ഭാഗം കൊണ്ടു മുഖത്തു ഉരസുക. ആഴ്ചയിൽ മൂന്നോ നാലോ വട്ടം ഇങ്ങനെ ചെയ്താൽ വൈകാതെ തന്നെ മുഖത്തെ കറുത്ത പാടുകൾ അപ്രത്യക്ഷമാവും