+

മിറാഷ് ഒ.ടി.ടിയിലെത്തി

മിറാഷ് ഒ.ടി.ടിയിലെത്തി

ആസിഫ് അലിയേയും അപർണ ബാലമുരളിയേയും പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ മിറാഷ് ഒ.ടി.ടിയിലെത്തി. ചിത്രം സോണി ലിവിൽ സ്ട്രീമിങ് ആരംഭിച്ചു. സെപ്റ്റംബർ 19നായിരുന്നു ചിത്രം തിയറ്ററിൽ എത്തിയത്. ഹക്കിം ഷാജഹാൻ, ദീപക് പറമ്പോൽ, ഹന്ന റെജി കോശി, സമ്പത്ത് രാജ്, അർജുൻ ശ്യാം ഗോപൻ എന്നിവരും മിറാഷിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടിയ ‘കിഷ്കിന്ധാകാണ്ഡ’ത്തിന് ശേഷം ആസിഫ് അലിയും അപർണ ബാലമുരളിയും വീണ്ടും ഒന്നിച്ച ചിത്രമാണിത്. വളരെ പതുക്കെപ്പോവുന്ന ആദ്യപകുതിയും ട്വിസ്റ്റുകൾ നിറഞ്ഞ ചടുലമായ രണ്ടാംപകുതിയുമായി ശ്രദ്ധയോടെ നെയ്തെടുത്ത സിനിമയാണ് മിറാഷ്. വലിയ അവകാശവാദങ്ങളില്ലാതെയാണ് മിറാഷ് ത‌ിയറ്ററുകളിലെത്തിയത്. പ്രമോഷന്റെ ബഹളങ്ങളുമുണ്ടായിരുന്നില്ല. ‘മിറാഷ്’ ഹിന്ദിയിൽ നിർമിക്കാനുദ്ദേശിക്കുകയും നടക്കാതെ വന്നപ്പോൾ മലയാളത്തിൽ ചെയ്യുകയുമായിരുന്നുവെന്ന് ജീത്തുജോസഫ് വ്യക്തമാക്കിയിരുന്നു.

ഇ ഫോർ എക്സ്പിരിമെൻറ്സ്, നാഥ് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ സെവൻ വൺ സെവൻ പ്രൊഡക്ഷൻസ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകളുടെ അസോസിയേഷനോടെ മുകേഷ് ആർ. മെഹ്ത, ജതിൻ എം. സേഥി, സി.വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സതീഷ് കുറുപ്പാണ് ഛായാഗ്രഹണം. ആസിഫ് അലിയുടെ ഏറെ ചർച്ചയായി മാറിയ 'കൂമൻ' എന്ന ചിത്രത്തിന് ശേഷം ആസിഫും ജീത്തു ജോസഫും വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് മിറാഷ്. 

facebook twitter