ഉപയോക്താക്കളുടെ പേഴ്സനൽ ഫേവറേറ്റ് മെസേജിങ് ആപ്പാണ് വാട്സ്ആപ്. ഇടക്കിടെ പുതിയ ഫീച്ചറുകൾ വാട്സ്ആപ് അവതരിപ്പിക്കാറുണ്ട്. ഇംഗ്ലീഷിൽ ചാറ്റ് ചെയ്യുമ്പോൾ പലർക്കും ഉള്ള ഭയമാണ് ഗ്രാമർ തെറ്റ് സംഭവിക്കുമോ, സന്ദർഭത്തിന് ഉചിതമായിട്ടാണോ സന്ദേശമയക്കുന്നത് എന്നൊക്കെ. എന്നാൽ, ഇനി ആ ടെൻഷൻ വേണ്ട. ഇത്തരം തെറ്റുകൾ തിരുത്തി സന്ദേശം അയക്കാനുള്ള പുത്തൻ സംവിധാനവുമായാണ് വാട്സ്ആപ് എത്തിയിരിക്കുന്നത്.
‘റൈറ്റിങ് ഹെൽപ് അസിസ്റ്റൻറ്’ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് എ.ഐ അധിഷ്ഠിതമാണ്. അക്ഷരത്തെറ്റ്, ഗ്രാമർ എന്നിവ തിരുത്തുന്നതിനോടൊപ്പം നീണ്ട വാക്യങ്ങൾ ചുരുക്കാനും അല്ലെങ്കിൽ സന്ദേശം കൂടുതൽ ഒഫീഷ്യൽ രീതിയിലാക്കുന്നതിനുമെല്ലാം ഈ സവിശേഷത ഉപയോഗിക്കാം. വ്യാകരണത്തിലെ തെറ്റുകൾ കുറക്കാനും സന്ദേശം കൂടുതൽ വ്യക്തവും കൃത്യവുമാക്കാനും ഈ ഫീച്ചർ സഹായിക്കും.
ഇങ്ങനെ ലഭിക്കുന്ന വാചകത്തിൽ ഉപയോക്താവിനു വേണമെങ്കിൽ മാറ്റങ്ങൾ വരുത്താം. നിലവിൽ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഫീച്ചർ വർക് ചെയ്യുന്നത്. ആൻഡ്രോയിഡിലെ വാട്സ്ആപ് 2.25.23.7 ബീറ്റ വേർഷനിലാണ് നിലവിൽ ഈ ഫീച്ചറുള്ളത്. ഗൂഗ്ൾ പ്ലേ ബീറ്റ പ്രോഗ്രാം ഉപയോഗിക്കുന്നവർക്ക് ഇത് കാണാമെങ്കിലും പരീക്ഷിക്കാനുള്ള അവസരം പരിമിതമാണ്. പരീക്ഷണഘട്ടത്തിനുശേഷം ആവശ്യമായ മാറ്റങ്ങൾ വരുത്തി എല്ലാവർക്കും ഫീച്ചർ തുറന്നുനൽകും.
മെറ്റയുടെ പ്രൈവറ്റ് പ്രോസസിങ് സിസ്റ്റം ആണ് ഇതിൽ ഉപയോഗിക്കുന്നത്. അതായത് നിർദേശങ്ങൾ സുരക്ഷിതമായി സൃഷ്ടിക്കപ്പെടുകയും പിന്നീട് അപ്രത്യക്ഷമാവുകയും ചെയ്യും. നിങ്ങളുടെ ടെക്സ്റ്റ് സംഭരിക്കപ്പെടുകയോ സ്കാൻ ചെയ്യപ്പെടുകയോ ഇല്ല. അതിനാൽ, ഉപയോക്താവിന്റെ ഒരു വിവരവും വാട്സ്ആപ്പിനോ മെറ്റക്കോ ലഭ്യമാകില്ല. മെസേജ് ടൈപ് ചെയ്ത് കഴിഞ്ഞാൽ സാധാരണയായി സ്റ്റിക്കർ ഐക്കൺ കാണുന്നിടത്ത് ഒരു പെൻ ഐക്കൺ ദൃശ്യമാകും. അതിൽ ക്ലിക് ചെയ്താൽ സന്ദേശം എ.ഐക്ക് കൈമാറി തെറ്റ് തിരുത്തി തിരിച്ച് ഉപയോഗിക്കാവുന്ന രീതിയിൽ നൽകും.
ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉചിതമായ രീതിയിൽ, വിവരണത്തോടുകൂടിയുള്ളത്, തമാശ രൂപേണ സുഹൃത്തുക്കൾക്ക് അയക്കാൻ കഴിയുന്ന രീതിയിൽ, തെറ്റുകൾ തിരുത്തിയത് എന്നിങ്ങനെ സന്ദേശത്തെ നാല് രീതികളിൽ തയാറാക്കിയിട്ടുണ്ട്. ഇവയിൽ നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് സന്ദേശം തിരഞ്ഞെടുക്കാം. ആവശ്യമുള്ളവർക്ക് എനേബ്ൾ ചെയ്യാനും അല്ലെങ്കിൽ ഡിസേബ്ൾ ചെയ്യാനും കഴിയുന്ന രീതിയിലാണ് വാട്സ്ആപ് ഈ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്.