ലോക എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് ലോക-ചാപ്റ്റർ വൺ: ചന്ദ്ര.ഡൊമിനിക് അരുൺ ചിത്രം 'ലോക' തിയറ്ററിൽ മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. ബോക്സ് ഓഫീസിലും സിനിമ കത്തിക്കയറുന്നുണ്ട്. റീലീസ് ചെയ്ത് അഞ്ച് ദിവസം പിന്നിടുമ്പോൾ 80 കോടി ആഗോളതലത്തിൽ നേടിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ചിത്രം 100 കോടി ക്ലബ്ബിൽ അടുത്ത് തന്നെ കേറുമെന്നാണ് അനലിസ്റ്റുകൾ പറയുന്നത്.
ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രങ്ങളുടെ പട്ടികയിൽ ആദ്യ ആറ് സ്ഥാനങ്ങളിലാണ് ലോകാ ചാപ്റ്റർ 1 ഉൾപ്പെട്ടിട്ടുള്ളത്. നസ്ലെന്റെ ആലപ്പുഴ ജിംഖാന-68 കോടി, സൗബിന്റെ രോമാഞ്ചം-70 കോടി, മമ്മൂട്ടിയുടെ ടർബോ-73 കോടി, നിവിൻ പോളി-സായ് പല്ലവി കൂട്ടുകെട്ടിലെ എക്കാലത്തെയും മികച്ച ബ്ലോക്ക്ബസ്റ്റർ പ്രേമം-73 കോടി തുടങ്ങിയ ലൈഫ് ടൈം കളക്ഷൻ നേടിയ സിനിമകളുടെ പട്ടികയെ മറികടന്നാണ് ലോക മുന്നേറുന്നത്.
നസ്ലിൻ, സാൻഡി, ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ദുൽഖർ സൽമാൻറെ വേഫെറർ ഫിലിംസ് നിർമിച്ച ഏഴാമത്തെ ചിത്രമാണ് ലോക. ആദ്യ നാല് ദിവസങ്ങൾ പിന്നിടുമ്പോൾ ആഗോള തലത്തിൽ നിന്ന് 65 കോടിയോളമാണ് ലോക നേടിയിരിക്കുന്നത്. ഇത് ഒരു മലയാള സിനിമ നേടുന്ന മൂന്നാമത്തെ ഉയർന്ന നേട്ടമാണ്. പ്രദർശനം കൂടുതൽ തിയറ്ററുകളിലേക്ക് വ്യാപിച്ചതിന് പിന്നാലെ ഇപ്പോൾ തെലുങ്ക് പതിപ്പിനും സ്വീകാര്യതയേറുകയാണ്.