'ഒടുവിൽ മോദി താരിഫുകൾക്ക് ഉചിതമായ മറുപടി നൽകി' ; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

04:25 PM Apr 08, 2025 | Neha Nair

ന്യൂഡൽഹി : പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വർധിപ്പിച്ചതിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 'താരിഫുകൾക്ക്' ഉചിതമായ മറുപടി നൽകിയെന്ന് രാഹുൽ ഗാന്ധി. നിലവിൽ പണപ്പെരുപ്പം മൂലം ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് നേരെയുള്ള സർക്കാർ കൊള്ളയാണിതെന്നും രാഹുൽ ചൂണ്ടിക്കാട്ടി. തൻറെ എക്സ് പോസ്റ്റിലൂടെയാണ് രാഹുൽ ഗാന്ധി സർക്കാരിനെ രൂക്ഷമായി വിമർശിച്ചത്.

പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ ലിറ്ററിന് രണ്ട് രൂപ വീതം സർക്കാർ വർധിപ്പിച്ചു. പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് 13 രൂപയായും ഡീസലിന്റേത് ലിറ്ററിന് 10 രൂപയായുമാണ് വർധന. പെട്രോളിന്റേയും ഡീസലിന്റേയും വില വർധിപ്പിച്ചതിന് പിന്നാലെ പാചക വാതകത്തിന്റേയും വില വർധിപ്പിച്ചു.

കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും എക്സിലൂടെ ഗവൺമെൻറിനെ വിമർശിച്ചു.

'മോദി ജി, വാ!! അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില 2014 മെയ് മാസത്തെ അപേക്ഷിച്ച് 41 ശതമാനം കുറഞ്ഞു. പക്ഷേ നിങ്ങളുടെ കൊള്ളയടിക്കുന്ന സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കുന്നതിനുപകരം കേന്ദ്ര എക്സൈസ് തീരുവ രണ്ട് രൂപ വീതം വർധിപ്പിച്ചു. എൽ.പി.ജി സിലിണ്ടറുകളുടെ വില വർധനവിലും ഖാർഗെ സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു.

എൽ.പി.ജി ഗ്യാസ് സിലിണ്ടറുകളും വിലക്കയറ്റത്തിൽ നിന്ന് മുക്തമല്ലെന്നും അവയുടെ ആഘാതം 'ഉജ്ജ്വല' പദ്ധതിയിലെ സ്ത്രീകളുടെ സമ്പാദ്യത്തെ വരെ ബാധിക്കുന്നുവെന്നും കൊള്ള, വഞ്ചന എന്നിവയെല്ലാം മോദി സർക്കാരിന്റെ പര്യായങ്ങളായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.