‘വൃഷഭ’യുടെ ഫസ്റ്റ് ലുക് പോസ്റ്റർ മോഹൽലാൽ പുറത്തുവിട്ടു. യോദ്ധാവിനെപ്പോലെ കൈയിൽ വാളേന്തി നിൽക്കുന്ന മോഹൻലാലാണ് പോസ്റ്ററിലുള്ളത്. താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ഫസ്റ്റ്ലുക് റിലീസ്. ചിത്രം ഒക്ടോബർ 16ന് തിയറ്ററുകളിലെത്തും. നന്ദകിഷോര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം, കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും ചേര്‍ന്നാണ് അവതരിപ്പിക്കുന്നത്.
“കാത്തിരിപ്പ് അവസാനിക്കുന്നു. കൊടുങ്കാറ്റ് ഉയർന്നിരിക്കുന്നു. അഭിമാനത്തോടെ, വൃഷഭയുടെ ഫസ്റ്റ് ലുക് പുറത്തുവിടുന്നു. ഇത് എന്‍റെ ആരാധകർക്കായി സമർപ്പിക്കുന്നു. നിങ്ങളുടെ ആത്മാവിനെ ജ്വലിപ്പിക്കുന്നതും വിവിധ കാലങ്ങളിലേക്ക് നയിക്കുന്നതുമായ കഥ. പിറന്നാൾ ദിനത്തിൽ ഫസ്റ്റ്ലുക് പുറത്തുവിടാനായതിൽ ഏറെ സന്തോഷം. നിങ്ങളുടെ സ്നേഹമാണ് എന്‍റെ ഏറ്റവും വലിയ ശക്തി. വൃഷഭ ഒക്ടോബർ 16ന് തിയറ്റുകളിൽ എത്തുന്നു” -ചിത്രം പങ്കുവെച്ച് മോഹൻലാൽ കുറിച്ചു.
ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ‘വൃഷഭ’യിൽ മോഹൻലാലിന്റെ മകനായി തെലുങ്ക് നടൻ റോഷൻ മെകയും എത്തുന്നു. അച്ഛനും മകനും തമ്മിലുള്ള സ്നേഹബന്ധത്തിന്റെയും പ്രതികാരത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. സഹ്‍റ എസ്. ഖാന്‍, സിമ്രാൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ദേവി ശ്രീ പ്രസാദാണ് സംഗീത സംവിധാനം. മലയാളത്തിലും തെലുങ്കിലും ഒരേസമയം ചിത്രീകരിച്ച ഈ ചിത്രം പാന്‍ ഇന്ത്യന്‍ തലത്തിലും ആഗോള തലത്തിലും വമ്പന്‍ സിനിമാനുഭവം ഉറപ്പാക്കുന്ന തരത്തിലാണ് ഒരുക്കുന്നത്. തെലുങ്ക്, മലയാളം, ഹിന്ദി, തമിഴ്, കന്നഡ എന്നീ ഭാഷകളില്‍ റിലീസിനെത്തും.
മികച്ച ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും ഗംഭീര ഛായാഗ്രഹണം കൊണ്ടും സാങ്കേതികമായി പ്രേക്ഷകര്‍ക്ക് അതിശയകരമായ ദൃശ്യാനുഭവം വാഗ്ദാനം ചെയ്യുന്ന ചിത്രമാകുമിത്. ഇന്ത്യയിലുടനീളവും വിദേശത്തും ബോക്‌സ് ഓഫിസില്‍ വലിയ ചലനം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശോഭ കപൂര്‍, ഏക്താ കപൂര്‍, സി.കെ. പത്മകുമാര്‍, വരുണ്‍ മാത്തൂര്‍, സൗരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി, ജൂഹി പരേഖ് മേത്ത എന്നിവര്‍ ചേര്‍ന്നാണ് വൃഷഭ നിര്‍മിച്ചിരിക്കുന്നത്.