ഗാര്‍ഹിക പീഡനക്കേസില്‍ മുഹമ്മദ് ഷമിക്ക് തിരിച്ചടി, ഭാര്യക്കും മകള്‍ക്കും ജീവിതച്ചെലവ് നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

06:30 AM Jul 02, 2025 | Suchithra Sivadas

ഗാര്‍ഹിക പീഡനക്കേസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് കൊല്‍ക്കത്ത ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ പരാതിയില്‍ ഗാര്‍ഹിക പീഡനക്കേസില്‍ വിചാരണ നേരിടുന്ന ഷമിയോട് ഭാര്യക്കും മകള്‍ക്കും ജീവിതച്ചെലവിന് പണം നല്‍കാന്‍ കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടു. ഭാര്യ ഹസിന്‍ ജഹാനും മകള്‍ ഐറക്കും കൂടി പ്രതിമാസം നാലു ലക്ഷം രൂപ ജീവിതച്ചെലവിനായി ഷമി നല്‍കണമെന്നാണ് കോടതിയുടെ ഉത്തരവ്.

ഹസിന്‍ ജഹാന് പ്രതിമാസ ചെലവിനായി 1.50 ലക്ഷം രൂപയും മകള്‍ക്ക് 2.50 ലക്ഷം രൂപയും വീതം നല്‍കണമെന്നാണ് കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഏഴ് വര്‍ഷം മുന്‍കാലപ്രാബല്യത്തോടെയാണ് വിധി നടപ്പാക്കേണ്ടത്. ഷമിക്കെതിരായ കേസില്‍ ആറ് മാസത്തിനുള്ളില്‍ തീര്‍പ്പ് കല്‍പിക്കാന്‍ ഹൈക്കോടതി കീഴ്‌ക്കോടതിയോട് ഉത്തരവിടുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം മകള്‍ ഐറയുമായി മുഹമ്മദ് ഷമി കൂടിക്കാഴ്ച നടത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ഇരുവരും നേരില്‍ക്കണ്ടത്. ഷമിയും മകളും കൂടി ഷോപ്പിംഗ് നടത്തുന്ന ചിത്രങ്ങളും വൈറലായിരുന്നു. മകള്‍ക്കൊപ്പമുള്ള ഷമിയുടെ ചിത്രത്തിന് ഇന്‍സ്റ്റഗ്രാമില്‍ 1.60 ലക്ഷം ലൈക്കുകളാണ് ലഭിച്ചത്.

എന്നാല്‍ ആളുകളെ കാണിക്കാന്‍ വേണ്ടി മാത്രമാണ് ഷമി മകളുമായി കൂടിക്കാഴ്ച നടത്തിയതെന്ന് ഹസിന്‍ ജഹാന്‍ പിന്നീട് ആരോപിച്ചിരുന്നു. മകളുടെ പാസ്‌പോര്‍ട്ടിന്റെ കാലാവധി തീര്‍ന്നിരുന്നുവെന്നും അത് പുതുക്കാന്‍ ഷമിയുടെ ഒപ്പ് വേണമായിരുന്നുവെന്നും അതിനായി പോയപ്പോഴാണ് ഷമി മകളെയും കൊണ്ട് ഷോപ്പിംഗിന് പോയതെന്നും ഹസിന്‍ ജഹാന്‍ പറഞ്ഞിരുന്നു. ഷമിയുടെ പരസ്യങ്ങളെല്ലാം നോക്കുന്ന കടയില്‍ നിന്നാണ് മകള്‍ക്ക് ഷൂസും വസ്ത്രങ്ങളും വാങ്ങി നല്‍കിയതെന്നും അതിനായി പൈസയൊന്നും മുടക്കേണ്ടി വന്നിട്ടില്ലെന്നും ഹസിന്‍ ജഹാന്‍ പറഞ്ഞിരുന്നു. 

Trending :