‘പ്രിയപ്പെട്ട മായക്കുട്ടി, നിന്റെ ‘തുടക്കം’ ജീവിതത്തിലുടനീളം സിനിമയോടുള്ള പ്രണയത്തിന്റെ ആദ്യപടിയാകട്ടെ’; മകള്‍ക്ക് ആശംസയുമായി നടന്‍ മോഹന്‍ലാല്‍

08:28 PM Jul 01, 2025 | Kavya Ramachandran


മലയാളികളുടെ പ്രിയപ്പെട്ട നടൻ മോഹൻലാലിൻറെ മകള്‍ വിസ്മയ മോഹന്‍ലാല്‍ സിനിമയിലേക്ക്. ആശീര്‍വാദ് സിനിമാസ് നിര്‍മിക്കുന്ന മുപ്പത്തിയേഴാമത്തെ ചിത്രത്തില്‍ നായികയായാണ് വിസ്മയയുടെ തുടക്കം. തുടക്കം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഇതോടെ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലിന് ശേഷം മകളും വെള്ളിത്തിരയിലേക്ക് എത്തുകയാണ്.

ജൂഡ് ആന്തണി ചിത്രത്തിലൂടെയാണ് വിസ്മയുടെ തുടക്കം. 2018ന് ശേഷം ജൂഡ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രമുഖരായ സംവിധായകരുടെയും നിര്‍മാതാക്കളുടെയും നടന്മാരുടെയും മക്കള്‍ മലയാള സിനിമയിലെത്തിയപ്പോള്‍ മുതല്‍ വിസ്മയുടെ സിനിമാ പ്രവേശനത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. നിലവില്‍ എഴുത്തുകാരിയും തായ് ആയോധനകലയില്‍ പ്രഗത്ഭയുമായ വിസ്മയയുടെ സിനിമാ പ്രവേശനം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഗ്രെയ്ന്‍സ് ഒഫ് സ്റ്റാര്‍ഡസ്റ്റാണ് വിസ്മയുടെ കഥാസമാഹാരം. ഇതിനൊപ്പം നല്ലൊരു ചിത്രകാരികൂടിയാണ് വിസ്മയ.

ഇപ്പോള്‍ മകള്‍ക്ക് ആശംസയുമായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് മോഹന്‍ലാല്‍. ‘പ്രിയപ്പെട്ട മായക്കുട്ടി, നിന്റെ ‘തുടക്കം’ ജീവിതത്തിലുടനീളം സിനിമയോടുള്ള പ്രണയത്തിന്റെ ആദ്യപടിയാകട്ടെ’ എന്നാണ് ആശംസ.