റിലീസിന് മുന്‍പ് മോഹന്‍ലാല്‍ എമ്പുരാന്‍ കണ്ടില്ലെന്ന് മേജര്‍ രവി. മോഹന്‍ലാലിന് നല്ല മനോവിഷമം ഉണ്ട്. താന്‍ അറിയുന്ന മോഹന്‍ലാല്‍ മാപ്പ് പറയുമെന്ന് മേജര്‍ രവി പറഞ്ഞു. ഫേസ്ബുക്ക് ലൈവില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എല്ലാവരും പറയുന്നത് മോഹന്‍ലാലിന്റെ ലെഫ്റ്റനന്റ് കേണല്‍ പദവി എടുത്ത് മാറ്റണമെന്നാണ്. ഇതൊരു വിരോധാഭാസമായിട്ടാണ് എനിക്ക് തോന്നിയത്. ആര്‍മി വേഷത്തില്‍ ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചിട്ടില്ലെന്നും അതും ഇതുമായി കൂടികലര്‍ത്തരുതെന്നും മേജര്‍ രവി പറഞ്ഞു.
‘മോഹന്‍ലാലിനൊപ്പം അഞ്ച് സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. ഒരുതവണ അദ്ദേഹം കഥ കേട്ട് കഴിഞ്ഞാല്‍ ഓക്കെ ആണെന്ന ഫീല്‍ കിട്ടിക്കഴിഞ്ഞാല്‍ പിന്നീട് അതില്‍ ഇടപെടില്ല. കീര്‍ത്തിചക്ര പോലും മോഹന്‍ലാല്‍ കണ്ടിട്ടില്ല. റിലീസിന് മുന്‍പ് അദ്ദേഹം കീര്‍ത്തിചക്ര കണ്ടിട്ടില്ല. അതുപോലെ റിലീസിന് മുന്‍പ് സിനിമ കാണുന്ന സ്വഭാവം മോഹന്‍ലാലിന് ഇല്ല. ഈ സിനിമയ്ക്കും അതുതന്നെയാണ് സംഭവിച്ചിരിക്കുന്നത്. ദയവ് ചെയ്ത് വിശ്വസിക്കൂ.
അദ്ദേഹം സിനിമ കണ്ടിട്ടില്ല. ഞാന്‍ അറിയുന്ന മോഹന്‍ലാല്‍ നിങ്ങളോടെല്ലാം മാപ്പ് പറയും. അതെനിക്ക് ഉറപ്പുണ്ട്. കാരണം മോഹന്‍ലാലിന് വളരെയധികം മാനസിക വിഷമമുണ്ട്. പ്രശ്‌നങ്ങളെല്ലാം കട്ട് ചെയ്യാന്‍ നേരത്തെ തന്നെ നിര്‍ദേശം കൊടുത്തിട്ടുണ്ട്. ഇനിമുതല്‍ ലാലേട്ടന്‍ സിനിമകള്‍ റിലീസിന് മുന്‍പ് കാണും. കാരണം ഇതൊരു പാഠമായിട്ടുണ്ട്’, എന്ന് മേജര്‍ രവി പറഞ്ഞു.