+

മോഹന്‍ലാലിന്റെ ഓണസമ്മാനമായി ഹൃദയപൂര്‍വം, തീയേറ്ററുകള്‍ നിറഞ്ഞ് കൈയ്യടി, ഓണം ലാലേട്ടന്‍ തൂക്കിയെന്ന് പ്രേക്ഷകര്‍, സത്യന്‍ അന്തിക്കാടിന്റെ മറ്റൊരു സൂപ്പര്‍ഹിറ്റ് കൂടി

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ ഹൃദയപൂര്‍വ്വം എന്ന സിനിമ ആദ്യ ഷോ കഴിഞ്ഞതോടെ പ്രേക്ഷകരുടെ പ്രതികരണമെത്തി.

കൊച്ചി: അന്തിക്കാട് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ ഹൃദയപൂര്‍വ്വം എന്ന സിനിമ ആദ്യ ഷോ കഴിഞ്ഞതോടെ പ്രേക്ഷകരുടെ പ്രതികരണമെത്തി. സത്യന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ മനോഹരമായ ഓണം സമ്മാനമാണ് സിനിമയെന്ന് പ്രക്ഷകര്‍ ഒന്നടങ്കം പറയുന്നു. കോമഡിയും ഡ്രാമയും സമന്വയിപ്പിച്ച ഈ ചിത്രം സത്യന്റെ തനതു ശൈലിയില്‍ പുതുമയുള്ള അനുഭവം നല്‍കുന്നു.

പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ഒട്ടേറെ രംഗങ്ങളുമായി സിനിമയുടെ ആദ്യപകുതി തമാശകളുടെ ഒരു കെട്ടഴിച്ചുവിടലാണ്. മോഹന്‍ലാല്‍ തന്റെ സ്വാഭാവികമായ ആകര്‍ഷണീയതയോടും യുവത്വപൂര്‍ണ്ണമായ അഭിനയ മികവോടും കഥാപാത്രത്തെ ഉജ്ജ്വലമാക്കുന്നു. സംഗീത് പ്രതാപുമായുള്ള അദ്ദേഹത്തിന്റെ കോമ്പോ രസകരമായ നിമിഷങ്ങള്‍ സമ്മാനിക്കുന്നുവെന്ന് നിസ്സംശയം പറയാം. ഇരുവരും ചേര്‍ന്ന് പല രംഗങ്ങളും അവിസ്മരണീയമാക്കുന്നു. 

നായികയായെത്തിയ മാളവിക മോഹന്‍ കഥാപാത്രത്തിന് തികച്ചും യോജിച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്, അവരുടെ സാന്നിധ്യം സിനിമയ്ക്ക് മാറ്റ് കൂട്ടുന്നു. സിദ്ദിഖ്, ജനാര്‍ദ്ദനന്‍, ലാലു അലക്‌സ് തുടങ്ങിയവരും തങ്ങളുടെ വേഷങ്ങള്‍ രസകരമാക്കി, പ്രത്യേകിച്ച് ലാലു അലക്‌സിന്റെ പ്രകടനം ശ്രദ്ധേയമാണ്.

ജസ്റ്റിന്‍ പ്രഭാകരന്റെ സംഗീതം സിനിമയ്ക്ക് ഒരു പ്രത്യേക മാനം നല്‍കുന്നു. അനു മൂത്തേടത്തിന്റെ ഛായാഗ്രഹണം ദൃശ്യങ്ങള്‍ക്ക് മനോഹാരിത പകരുന്നു. കെ. രാജഗോപാലിന്റെ എഡിറ്റിംഗ് കഥയുടെ ഒഴുക്ക് നിലനിര്‍ത്തുന്നതാണ്. അഖില്‍ സത്യന്റെ കഥയ്ക്ക് സോനു ടി.പി. ഒരുക്കിയ തിരക്കഥ തമാശകളും സമകാലിക ഡയലോഗുകളും സമര്‍ത്ഥമായി സമന്വയിപ്പിക്കുന്നു.

ഗംഭീരമായ ആദ്യപകുതിയും പ്രേക്ഷകരെ നിരാശപ്പെടുത്താത്ത രണ്ടാംപകുതിയും സിനിമ സൂപ്പര്‍ഹിറ്റാകുമെന്ന് ഉറപ്പിക്കുന്നതാണ്. ഹൃദയപൂര്‍വ്വം സത്യന്‍ അന്തിക്കാട്-മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ പ്രതീക്ഷകള്‍ നിലനിര്‍ത്തുന്ന, കുടുംബപ്രേക്ഷകര്‍ക്ക് ആസ്വദിക്കാവുന്ന, രസകരവും ഹൃദയസ്പര്‍ശിയുമായ ഒരു ചിത്രമാണ്. അതുകൊണ്ടുതന്നെ ഇത്തവണ ഓണം മോഹന്‍ലാലിനൊപ്പമായിരിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
 

facebook twitter