+

കാലവർഷം ഇത്തവണ നേരത്തെ; സംസ്ഥാനത്ത് മഴ തുടരും

കാലവർഷം ഇത്തവണ നേരത്തെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മെയ് പതിമൂന്നോടെ കാലവർഷം എത്തുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കാലവർഷം തെക്കൻ ആൻഡമാൻ കടൽ, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപ് സമൂഹങ്ങളുടെ ചില ഭാഗങ്ങളിൽ എത്തിച്ചേരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.

തിരുവനന്തപുരം: കാലവർഷം ഇത്തവണ നേരത്തെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മെയ് പതിമൂന്നോടെ കാലവർഷം എത്തുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കാലവർഷം തെക്കൻ ആൻഡമാൻ കടൽ, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപ് സമൂഹങ്ങളുടെ ചില ഭാഗങ്ങളിൽ എത്തിച്ചേരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.

അതേസമയം, സംസ്ഥാനത്ത് പത്താം തീയതി വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ഇടുക്കി, തൃശൂർ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.

ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്താം തീയതി വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു.

മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ സംസ്ഥാന ദുരന്ത നിവാരണ വിഭാഗം ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു.ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യണമെന്ന് ജാഗ്രതാനിർദേശത്തിൽ പറയുന്നു. 

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുതെന്നും ജാഗ്രതാനിർദേശത്തിൽ പറയുന്നു.

Trending :
facebook twitter