എറണാകുളത്ത് മാനഹാനി ഭയന്ന് നവജാത ശിശുവിനെ ഉപേക്ഷിച്ച അമ്മയും ആണ്‍ സുഹൃത്തും പിടിയില്‍. ആലുവ സ്വദേശിയായ യുവതിയും സുഹൃത്തുമാണ് പിടിയിലായത്. ജൂലൈ 26-നാണ് യുവതി കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ശേഷം കുഞ്ഞിനെ കൈമാറുകയായിരുന്നു. മുപ്പത്തടത്തെ ഒരു വീട്ടില്‍ നിന്ന് കളമശ്ശേരി പൊലീസ് കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് കുഞ്ഞിനെ കണ്ടെത്തിയത്. അമ്മയെ ഒന്നാം പ്രതിയും സുഹൃത്ത് ജോണ്‍ തോമസിനെ രണ്ടാം പ്രതിയുമാക്കി പൊലീസ് കേസെടുത്തു.
കുഞ്ഞിനെ യുവതി അപായപ്പെടുത്തുമെന്ന് സംശയം തോന്നിയ ആണ്‍സുഹൃത്താണ് മറ്റൊരാള്‍ക്ക് കൈമാറാന്‍ ഉപദേശിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദിവസം തന്നെ യുവതി ഇരുവരുടെയും കുഞ്ഞിന് ജന്മം നല്‍കി. അന്നുതന്നെ ഇവര്‍ കുഞ്ഞിനെ കൈമാറാനുളള തീരുമാനമെടുത്തിരുന്നു. കുഞ്ഞിനെ ഇവര്‍ അപായപ്പെടുത്തിയേക്കാമെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കളമശ്ശേരി പൊലീസ് അന്വേഷണം നടത്തിയത്. പരിശോധനയില്‍ യുവാവിനെയും യുവതിയെയും മുപ്പത്തടത്തെ ഫ്‌ളാറ്റില്‍ നിന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് കുട്ടിയെ മുപ്പത്തടത്തെ തന്നെ ഒരു കുടുംബത്തിന് കൈമാറിയിട്ടുണ്ടെന്ന് ഇവര്‍ അറിയിച്ചത്.
ഭര്‍ത്താവുമായി അകന്ന് കഴിയുന്ന യുവതിക്ക് രണ്ട് കുട്ടികള്‍ കൂടിയുണ്ട്. കുഞ്ഞ് നിലവില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലാണ്. ആരോഗ്യപ്രശ്നങ്ങള്‍ ഉളള യുവതിയെ ചികിത്സയ്ക്ക് ശേഷം മഹിളാ മന്ദിരത്തിലേക്ക് മാറ്റി. ജോണ്‍ തോമസ് മൂന്ന് കുട്ടികളുടെ പിതാവാണ്. ഇയാളെ റിമാന്‍ഡ് ചെയ്ത് കാക്കനാട് ജയിലിലേക്ക് മാറ്റി.