
കൊച്ചി : കേരള തീരത്ത് അറബിക്കടലിൽ എം.എസ്.സി. എൽസ-3 കപ്പൽ മുങ്ങി മത്സ്യബന്ധനം തടസ്സപ്പെട്ടതിനെത്തുടർന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കൂടുതൽ ബോട്ടുടമകൾ നൽകിയ ഹരജിയിൽ ഇതേ കമ്പനിയുടെ മറ്റൊരു കപ്പൽ അറസ്റ്റ് ചെയ്യാൻ വീണ്ടും ഹൈകോടതിയുടെ ഉത്തരവ്. ഏഴ് മത്സ്യബന്ധന ബോട്ടുടമകൾ നൽകിയ അഡ്മിറാലിറ്റി ഹരജിയിൽ എം.എസ്.സി കമ്പനിയുടെ ‘മക്കാട്ടോ-2’ കപ്പൽ വിഴിഞ്ഞം തുറമുഖത്ത് അറസ്റ്റ് ചെയ്യാൻ ജസ്റ്റിസ് എസ്. ഈശ്വരനാണ് ഉത്തരവിട്ടത്.
ഏഴ് ഹരജികളിലുമായി 2.79 കോടി രൂപയുടെ നഷ്ടം ആവശ്യപ്പെട്ടാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്. ഈ തുക കെട്ടിവെക്കുന്നതുവരെ കപ്പൽ അറസ്റ്റ് ചെയ്തിടാനാണ് ഉത്തരവ്. തുക കെട്ടിവെക്കുമ്പോൾ കപ്പൽ മോചിപ്പിക്കപ്പെടുമെന്നും ഉത്തരവിൽ പറയുന്നു. കഴിഞ്ഞ ദിവസം നാല് ബോട്ടുടമകൾ നൽകിയ അഡ്മിറാലിറ്റി സ്യൂട്ടിൽ വിഴിഞ്ഞം തുറമുഖത്തെത്തിയ എം.എസ്.സി കമ്പനിയുടെ പലേർമോ കപ്പൽ അറസ്റ്റ് ചെയ്യാൻ ഇതേ ബെഞ്ച് ഉത്തരവിട്ടിരുന്നു.
ബോട്ടുടമകളായ അലക്സ് അലോഷ്യസ്, രാജേഷ് പുരുഷൻ, പീറ്റർ മത്തിയാസ്, ജോസഫ് മോറിസ്, ജി. സുനിൽ, കെ.ആർ. ബാബു, അഖിലാനന്ദൻ എന്നിവർ യഥാക്രമം 31.13 ലക്ഷം, 26.81 ലക്ഷം, 40.06 ലക്ഷം, 66.23 ലക്ഷം, 42.24 ലക്ഷം, 39.71 ലക്ഷം, 32.83 ലക്ഷം എന്നിങ്ങനെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. 2025 മേയ് 25നാണ് എൽസ-3 കപ്പൽ മുങ്ങിയത്.
കപ്പലിൽനിന്ന് വീണ് കടലിൽ അടിഞ്ഞതും ഒഴുകിനടക്കുന്നതുമായ കണ്ടെയ്നർ ഭാഗങ്ങളിൽ തട്ടി ഫിഷിങ് ട്രോളറുകൾക്കും ഫിഷിങ് ബോട്ടുകൾക്കും വള്ളങ്ങൾക്കും കേടുപാടുണ്ടാവുകയും വലയും മറ്റു യന്ത്രസാമഗ്രികളും നശിക്കുകയും ചെയ്തെന്നാണ് ഹരജിയിലെ ആരോപണം. ഇതുസംബന്ധിച്ച് സർവേയർ റിപ്പോർട്ട് സഹിതം രേഖകൾ ഹരജിക്കാർ ഹാജരാക്കിയതടക്കം പരിഗണിച്ചാണ് ഉത്തരവ്.