+

മുംബൈയിൽ ശക്തമായ മഴ ; ട്രെയിൻ ഗതാഗതം ഭാഗികമായി തടസ്സ​പ്പെട്ടു

മുംബൈയിൽ ശക്തമായ മഴ ; ട്രെയിൻ ഗതാഗതം ഭാഗികമായി തടസ്സ​പ്പെട്ടു

മുംബൈ : ശക്തമായ മഴയെതുടർന്ന് റെയിൽ പാളത്തിൽ വെള്ളക്കെട്ട് ഉയർന്നതിനാൽ ദാദർ, കുർള,ബാന്ദ്ര എന്നീ സ്​റ്റേഷനുകളിൽ നിന്നുള്ള റെയിൽ ഗതാഗതം വൈകി. മുംബൈയുടെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. ഇന്നലെ രാത്രി ഇടിയോടെയും മിന്നലോടെയും തുടങ്ങിയ കനത്ത മഴ ഇപ്പോഴും തുടരുകയാണ്.

കനത്ത മഴയെ തുടർന്ന്, കിങ്സ് സർക്കിൾ, ലാൽബാഗ്, വർളി പരേൽ, കുർള തുടങ്ങിയ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.കാലാവസ്ഥ വിഭാഗം റെഡ് അലർട്ട് നൽകിയിട്ടുണ്ട്. മണിക്കൂറി 50കിലോമീറ്റർ വേഗമുള്ള കാറ്റുവീശാനും സാധ്യതയുണ്ടെന്ന് അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, തെക്കൻ മുംബൈയിൽ 134.4 മില്ലിമീറ്റർ മഴയും പ്രാന്തപ്രദേശങ്ങളിൽ 73.2 മില്ലിമീറ്റർ മഴയും രേഖപ്പെടുത്തി.നഗരസഭയുടെ മഴ കണക്കുകൾ പ്രകാരം നഗരത്തിൽ ശരാശരി 111.19 മില്ലിമീറ്റർ മഴയും കിഴക്കൻ പ്രാന്തപ്രദേശങ്ങളിൽ 76.46 മില്ലിമീറ്ററും പടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളിൽ 74.15 മില്ലിമീറ്ററും മഴ ലഭിച്ചു.

പാൽഘർ, പുണെ, അഹല്യനഗർ, ബീഡ് ജില്ലകളിൽ ഐ.എം.ഡി ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്, കനത്ത മഴ പ്രവചിക്കുന്നുമുണ്ട്. വടക്കേ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും മഴക്കെടുതി രൂക്ഷമാണ്. ഉത്തർ​പ്രദേശിൽ എൺപതോളം ഗ്രാമങ്ങളിൽ വെള്ളപ്പൊക്കത്തിന് സമാനമായ സ്ഥിതിയാണുള്ളത്.

വയലുകളിലെല്ലാം വെള്ളം കയറി കൃഷിയെല്ലാം നശിച്ച നിലയിലാണ്. 35 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബിഹാറിലും സ്ഥിതിവ്യത്യസ്തമല്ല. ഗംഗാനദി നിറഞ്ഞൊഴുകുന്നതിനാൽ പ്രദേശങ്ങളിൽ കനത്ത വെള്ളക്കെട്ടാണുള്ളത്. കാലാവസ്ഥ വിഭാഗം അടുത്ത അഞ്ച് ദിവസവും കനത്ത മഴയുണ്ടാകുമെന്ന് അറിയിപ്പ് നൽകിക്കഴിഞ്ഞു.

facebook twitter