കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കിയ സംസ്ഥാന സര്‍ക്കാരിനെ അനുകൂലിച്ച് യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി. വിദേശത്ത് പഠിക്കാന്‍ പോകുന്ന വിദ്യാര്‍ത്ഥികളെ ഇത്തരം സര്‍വകലാശാലകളില്‍ എത്തിക്കാം. മെഡിക്കല്‍ സര്‍വകലാശാല കേരളത്തില്‍ ലാഭകരമാകും. വേണമെങ്കില്‍ ചാലസറാകാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,
സ്വകാര്യ സര്‍വ്വകലാശാലകള്‍ വരട്ടെ..
സ്വകാര്യ സര്‍വ്വകലാശാലകള്‍ സംസ്ഥാനത്ത് അനുവദിക്കാനുള്ള ബില്‍ അസംബ്ലി പാസാക്കിയല്ലോ. വളരെ നല്ലത്.
കേരളത്തില്‍ ഐ ഐ ടി മുതല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വരെ ഇപ്പോള്‍ ഏതാണ്ട് ഇരുപത്തി അഞ്ചു യൂണിവേഴ്‌സിറ്റികള്‍ ഉണ്ട് (ഡീംഡ് റ്റു ബി യൂണിവേഴ്‌സിറ്റികള്‍ ഉള്‍പ്പടെ). ഇവയില്‍ പകുതിയും സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ ഉള്ളതാണ്. ഇവ ഒക്കെ കൂടി ഒരുമിച്ച് ചേര്‍ത്ത് ഒറ്റ യൂണിവേഴ്‌സിറ്റി ആക്കണം എന്നതാണ് ഞാന്‍ ഏറെ നാളായി ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതും.
അതുകൊണ്ട് തന്നെ പുതിയതായി ഒരു യൂണിവേഴ്‌സിറ്റിക്ക്, അത് സ്വകാര്യം ആണെങ്കില്‍ പോലും, കേരളത്തില്‍ സാധ്യത ഉണ്ടോ എന്ന ചോദ്യം ഉണ്ട്.
തീര്‍ച്ചയായും ഉണ്ട്.
സമയത്തിന് പരീക്ഷകള്‍ നടത്തുകയും നടത്തിയ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റും ഡിഗ്രി സര്‍ട്ടിഫിക്കറ്റും വേണ്ടിവരുമ്പോള്‍ ട്രാന്‍സ്‌ക്രിപ്റ്റുകളും സമയത്തിന് നല്‍കുന്ന സ്വകാര്യ സര്‍വ്വകലാശാലകള്‍ വന്നാല്‍ അല്പം ഫീസ് കൂടിയാലും കുട്ടികള്‍ അത് സ്വീകരിക്കും.
വിദേശ പഠനം ഇപ്പോള്‍ കുട്ടികളുടെ ഒരു സ്വപ്നമാണ്. പക്ഷെ സാമ്പത്തികമായി ഇത് ഏറെ ചിലവുള്ളതാണ്. ഒരു ഡിഗ്രിയുടെ പകുതി ഇന്ത്യയിലും ബാക്കി വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടമുള്ള വിദേശ സര്‍വ്വകലാശാലയിലും പഠിക്കാമെന്ന് വന്നാല്‍ ഏറെ വിദ്യാര്‍ഥികള്‍ അത്തരം സര്‍വ്വകലാശകളില്‍ എത്തും.
കേരളത്തില്‍ ലാഭകരമായി തുടങ്ങാവുന്ന ഒന്ന് ഒരു സ്വകാര്യ മെഡിക്കല്‍ സര്‍വകലാശാലയാണ്. ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ആണ് മെഡിക്കല്‍ നേഴ്‌സിങ്ങ് പഠിക്കാന്‍ കേരളത്തിന് പുറത്തും ഇന്ത്യക്ക് പുറത്തും പോകുന്നത്. മെഡിക്കല്‍ രംഗം നിര്‍മ്മിത ബുദ്ധിയും റോബോട്ടും ഒക്കെ വന്ന് ആകെ മാറുകയാണ്. മെഡിക്കല്‍ ടെക്നോളജി രംഗത്ത് അനവധി പുതിയ പ്രൊഫഷനുകള്‍ ഉണ്ടാവുകയാണ്. ലോകത്തെ മറ്റു രാജ്യങ്ങളിലെ ഭാഷകള്‍ പഠിപ്പിക്കുകയും, മറ്റു രാജ്യങ്ങളില്‍ പ്രാക്ടിക്കല്‍ ചെയ്യാന്‍ സാധിക്കുകയും, അവിടുത്തെ രെജിസ്‌ട്രേഷന്‍ താരമാക്കി കൊടുക്കുകയും ചെയ്യുന്ന അറേഞ്ച്‌മെന്റ് ഉള്ള ഒരു സര്‍വ്വകലാശാല വന്നാല്‍, അത് വന്‍ ലാഭമാകും. കേരളത്തിന് പുറത്തു നിന്നും ഇന്ത്യക്ക് പുറത്തു നിന്നും പോലും വിദ്യാര്‍ഥികള്‍ എത്തും.
കേരളത്തില്‍ നിന്നും പുറത്തുപോയി ഉന്നത വിദ്യാഭ്യാസം നേടുകയും തൊഴില്‍ ചെയ്യുകയും ഒക്കെ ചെയ്യുന്ന അനവധി സ്‌കോളര്‍സ് ഉണ്ട്. അവരില്‍ ഏറെപ്പേര്‍ കുറച്ച് കാലം എങ്കിലും കേരളത്തില്‍ ജോലി ചെയ്യണം എന്ന് ആഗ്രഹിക്കുന്നവരും കുറച്ചു പേരെങ്കിലും കേരളത്തില്‍ സ്ഥിരമായി ജോലി ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരും ആണ്. പക്ഷെ ഇപ്പോഴത്തെ യൂണിവേഴ്‌സിറ്റി സംവിധാനത്തില്‍ അതത്ര എളുപ്പമല്ല. കൂടുതല്‍ ഫ്‌ലെക്‌സിബിള്‍ ആയിട്ടുള്ള ഒരു സാഹചര്യം ഉണ്ടായാല്‍ കേരളത്തിന് പുറത്തുള്ളവരും കേരളത്തിന് പുറത്തുനിന്നുള്ളവരും ആയ അനവധി അധ്യാപകര്‍ കേരളത്തില്‍ എത്താനുള്ള സാധ്യത ഉണ്ട്.
അശോക യൂണിവേഴ്‌സിറ്റി പോലെ പൂര്‍ണ്ണമായും പുതിയ ഒരു സ്വകാര്യ സര്‍വ്വകലാശാല കേരളത്തില്‍ എത്താനുള്ള സാധ്യത ഏറെ കുറവാണ്. കാരണം കേരളത്തിലെ സ്വകാര്യ സര്‍വകലാശാലകളിലും നാല്പത് ശതമാനം കുട്ടികളും കേരളത്തില്‍ നിന്നാകണം എന്നൊരു വകുപ്പ് കാണുന്നു. പുതിയ സര്‍വ്വകലാശാലയില്‍ മേടിക്കുന്ന ഉയര്‍ന്ന ഫീസ് കൊടുക്കാന്‍ കഴിവുള്ള മലയാളികള്‍ കേരളത്തിന് പുറത്ത് പഠിക്കാനാണ് ആഗ്രഹിക്കുക.
എന്നാല്‍ കേരളത്തില്‍ വളരെ നന്നായി നടത്തപ്പെടുന്ന അനവധി സ്വകാര്യ കോളേജുകള്‍ ഉണ്ട്. അവ ഓട്ടോണമസ് ആയിട്ട് പോലും സര്‍ക്കാരിന്റെയും യൂണിവേഴ്‌സിറ്റിയുടെയും അനവധി നിയന്ത്രണങ്ങള്‍ അവരുടെ മേല്‍ ഉണ്ട്. ഈ സ്ഥാപനങ്ങള്‍ യൂണിവേഴ്‌സിറ്റികള്‍ ആയി മാറിയാല്‍ അവ അടുത്ത ലെവലിലേക്ക് പോകും. രാജഗിരി ഗ്രൂപ്പിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒരു ഉദാഹരണമാണ്.
പൂര്‍ണ്ണമായും വിദേശ സര്‍വ്വകലാശാലകള്‍ കേരളത്തില്‍ (ഇന്ത്യയില്‍) വരാനുള്ള സാധ്യത അത്ര അധികമല്ല. ആധുനികമായ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഒക്കെ സൗജന്യമായി കൊടുക്കുകയും ഫീസിന്റെയോ കുട്ടികളുടെയോ കാര്യത്തില്‍ ഒരു നിയന്ത്രണവും ഇല്ലാതിരിക്കുകയോ ചെയ്തിട്ടും മലേഷ്യയിലും മധ്യേഷ്യയിലും തുടങ്ങിയ അന്താരാഷ്ട്ര കാമ്പസുകള്‍ ഒന്നും ടേക്ക് ഓഫ് ചെയ്യുന്നില്ല എന്ന് മാത്രമല്ല പലതും പൂട്ടിക്കെട്ടുകയാണ്. കേരളത്തിലെ പുറത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്ന ബഹുഭൂരിപക്ഷം കുട്ടികളും ഉന്നതമായ വിദ്യാഭ്യാസ നിലവാരമല്ല വിദേശത്ത് തൊഴിലെടുക്കാനുള്ള അവകാശമാണ് വിദേശവിദ്യാഭ്യാസത്തിന്റെ പ്രധാനമായ ഗുണമായി കാണുന്നത്. പോരാത്തതിന് അത് നല്‍കുന്ന സ്വാതന്ത്ര്യവും, പാര്‍ട്ട് ടൈം ആയി ജോലി ചെയ്യാനുള്ള അവസരവും. ഇതൊന്നും ഇല്ലാതിരിക്കുമ്പോള്‍ വിദേശ സര്‍വ്വകലാശാലകള്‍ ഇവിടെ എത്തിയാല്‍ ഉയര്‍ന്ന ഫീസ് കൊടുത്ത് അവിടെ പഠിക്കാന്‍ മലയാളികളെ കിട്ടില്ല. ഇന്ത്യയില്‍ വിദേശികള്‍ക്ക് ജോലി ചെയ്യാനുള്ള നിയന്ത്രണങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ വിദേശ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ആകര്‍ഷിക്കുന്നതും എളുപ്പമല്ല.
ഒരു ലാഭേച്ഛയും ഇല്ലാതെ അസിം പ്രേംജി യൂണിവേഴ്‌സിറ്റി പോലെ ശിവ് നാടാര്‍ യൂണിവേഴ്‌സിറ്റി പോലെ ശതകോടീശ്വരന്മാര്‍ കേരളത്തില്‍ യൂണിവേഴ്‌സിറ്റി തുടങ്ങുമോ?, കേരളത്തിലും ശതകോടീശ്വരന്മാര്‍ ഒക്കെ ഉണ്ട്. ഇത് വരെ അവരൊന്നും താല്പര്യം പ്രകടിപ്പിച്ച് കേട്ടില്ല. സമയം ഉണ്ട്.
എന്താണെങ്കിലും സ്വകാര്യ സര്‍വ്വകലാശാലകള്‍ വരട്ടെ.
ഇതില്‍ എനിക്കല്പം സ്വാര്‍ത്ഥം ഉണ്ട് കേട്ടോ.
റിട്ടയര്‍മെന്റ് ഒക്കെ വരികയല്ലെ. എം എല്‍ എ യും എംപിയും പോയിട്ട് പഞ്ചായത്തിലേക്ക് പോലും ആരും സീറ്റ് ഓഫര്‍ ചെയ്യുന്നില്ല. പക്ഷെ സ്വകാര്യ സര്‍വ്വകലാശാലകളില്‍ ചാന്‍സലര്‍ എന്നൊരു പദവി ഉണ്ട്. ഇത് ഇപ്പോഴത്തെ പോലെ ഗവര്‍ണ്ണറോ മന്ത്രിയോ ആയിരിക്കണമെന്നില്ല.
The Chancellor.-(1) The sponosring body shall appoint an academician of high repute or a perosn of eminence in any of the fields including agriculture and veterinary science, technology, medicine, oscial science, humanities, literature, art, culture, law, industry, commerce or public administration as the Chancellor of the University and on such terms and conditions and by following such procedure as may be prescribed:
സ്വകാര്യ സര്‍വ്വകലാശാല ആരുണ്ടാക്കിയാലും ചാന്‍സലര്‍ ആകാന്‍ പറ്റിയ ഒരു പേഴ്‌സണ്‍ ഓഫ് എമിനന്‍സിനെ ഞാന്‍ കണ്ടു വച്ചിട്ടുണ്ട്.
ആരാണയാള്‍ ?
ഞാനാണയാള്‍ !