ജമാഅത്തെ ഇസ്ലാമിയും മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള സംഘടനകളും കടിച്ചുകുടയുന്ന സിഐ സുമേഷ് സുധാകരന്‍ മനുഷ്യ സ്‌നേഹത്തിന്റെ പ്രതീകം, മെഡിക്കല്‍ സിറ്റിയായ പെരിന്തല്‍മണ്ണയില്‍ വര്‍ഗീയ പ്രചരണം കൊഴുക്കുന്നു

04:05 PM May 14, 2025 |


കോഴിക്കോട്: പെരിന്തല്‍മണ്ണയില്‍ വിസ്ഡം സ്റ്റുഡന്റ്സ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ച ലഹരിവിരുദ്ധ സമ്മേളനം സമയക്രമം പാലിച്ചില്ലെന്ന കാരണത്താല്‍ പോലീസ് അവസാനിപ്പിച്ചതുമായി ബന്ധപ്പെട്ട് സിഐ സുമേഷ് സുധാകരന് എതിരെ സൈബറാക്രമണം.

ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത പരിപാടി കൃത്യസമയം പാലിക്കാത്തതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയതായിരുന്നു സുമേഷ് ഉള്‍പ്പെടെയുള്ള പോലീസ് സംഘം. അതിനിടെ ഒരാളുടെ ക്യാമറയില്‍ നോക്കി പ്രത്യേക രീതിയില്‍ ചിരിച്ച സുമേഷിനെ സംഘി പട്ടം ചാര്‍ത്തി മുസ്ലീം സംഘടനകള്‍ സോഷ്യല്‍ മീഡിയയില്‍ കടിച്ചുകീറുകയാണ്.

Trending :

മെഡിക്കല്‍ സിറ്റി എന്ന പേരില്‍ അറിയപ്പെടുന്ന പെരിന്തല്‍മണ്ണയില്‍ അനേകം ആശുപത്രികളുണ്ട്. ഇവിടുത്തെ രോഗികള്‍ക്ക് ബുദ്ധിമുട്ടില്ലാതിരിക്കാന്‍ സമയക്രമം കര്‍ശനമായി പാലിക്കുകയും പതിവാണ്. ഇതാണ് ജമാഅത്തെ ഇസ്ലാമി, മുസ്ലീം ലീഗ് തുടങ്ങിയവരുടെ അണികളെ പ്രകോപിപ്പിച്ചത്.

സുമേഷിനെ സംഘിപട്ടം ചാര്‍ത്തി ആക്രമിക്കുമ്പോള്‍ അദ്ദേഹത്തിന് അനുകൂലമായും ചിലര്‍ രംഗത്തെത്തി. ഒരു പോലീസുകാരന്‍ ചിരിച്ചാല്‍ പോലും ആക്രമിക്കുകയാണെന്നാണ് ഇവര്‍ പറയുന്നത്. മാത്രമല്ല, വെള്ളം കയറിയപ്പോള്‍ സുമേഷ് ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ സ്വയം രംഗത്തിറങ്ങിയ ചിത്രങ്ങളും ചിലര്‍ പങ്കുവെച്ചു. ഇതുമായി ബന്ധപ്പെട്ട് ഷമീര്‍ ടിപി എഴുതിയ കുറിപ്പും ശ്രദ്ധേയമായി.

ഷമീര്‍ ടിപിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണയില്‍ നടന്ന വിസ്ഡം സമ്മേളനവുമായി ബന്ധപ്പെട്ടു വലിയ രീതിയില്‍ മുസ്ലിം സംഘടനകളുടെയും മുസ്ലിം ലീഗിന്റെയും സൈബര്‍ ആക്രമണത്തിനും അധിക്ഷേപത്തിനും വിധേയമാവുന്ന പോലീസ് ഉദ്യാഗസ്ഥന്റെ ചിത്രം കണ്ടപ്പോള്‍ 'എവിടെയോ കണ്ടിട്ടുണ്ടല്ലോ' എന്നൊരു തോന്നല്‍ ഉണ്ടായി,
അദ്ദേഹത്തിന്റെ പേര് മനസ്സിലാക്കി തിരഞ്ഞപ്പോഴാണ് ഏഴു വര്‍ഷങ്ങള്‍ക്ക് മുന്നേ കണ്ണിലുടക്കിയ ഒരു ചിത്രം വീണ്ടും കണ്മുന്നിലേക്ക് വരുന്നത്.
വെള്ളം കയറിയതിനാല്‍ തിരൂര്‍ കാരാറ്റുകടവില്‍ കാലിന് സുഖമില്ലാതെ പുറത്തിറങ്ങാന്‍ കഴിയാതെ ബുദ്ധിമുട്ടിയ മണി എന്നയാളെയും, പോരൂരില്‍ വീടിനകത്ത് വെള്ളം കയറി പുറത്തിറങ്ങാന്‍ കഴിയാതെ ബുദ്ധിമുട്ടിയ ഉമ്മയെയും രണ്ട് കുട്ടികളെയും വിവരമറിഞ്ഞ അന്നത്തെ തിരൂര്‍ ടക സുമേഷ് സുധാകരനും മറ്റു പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് വെള്ളത്തിലൂടെ അതിസാഹസികമായി രക്ഷപ്പെടുത്തുന്ന രംഗമാണിത്,
ഉമ്മയെയും രണ്ടു കുഞ്ഞുങ്ങളെയും രക്ഷപ്പെടുത്തിയ സുമേഷ് അന്ന്,
ഇന്ന് തെറി വിളിക്കുന്നവര്‍ക്ക് മാതൃകാ പോലീസ് ഉദ്യാഗസ്ഥനായിരുന്നു.
പെരിന്തല്‍മണ്ണ 'മെഡിക്കല്‍ സിറ്റി' എന്നറിയപ്പെടുന്ന നഗരമാണ്.
ഇരുപത്തി നാലോളം ഹോസ്പിറ്റലുകളോ മെഡിക്കല്‍ സെന്ററുകളോ ഉള്ള അഞ്ചു കിലോ മീറ്റര്‍ പരിധിക്കുള്ളില്‍ തന്നെ ആറോളം സൂപ്പര്‍ സ്‌പെഷ്യലിറ്റി ഹോസ്പിറ്റലുകള്‍ നിറഞ്ഞ നഗരം.
എന്ത് പരിപാടി നടക്കുമ്പോഴും പോലീസ് കൃത്യമായി സമയ ക്രമം നിശ്ചയിച്ചു,
അത് പാലിക്കാന്‍ നിര്‍ദ്ദേശിച്ചു സംഘാടകരുമായി  മീറ്റിങ്ങുകള്‍ കൂടി മുന്നൊരുക്കം നടത്തുന്ന നഗരം.
കഴിഞ്ഞ ദിവസം നടന്ന വിസ്ഡം സമ്മേളനം നഗരത്തില്‍ ഉണ്ടാക്കിയ ഗതാഗത സ്തംഭനം സമാനതകളില്ലാത്തതായിരുന്നു,
അത് പോരാതെ ദൂര പരിധിയൊക്കെ കാറ്റില്‍ പറത്തിയുള്ള സൗണ്ട് ബോക്‌സുകളുടെ വിന്യാസം വേറെ,
ലഹരി വിരുദ്ധ പരിപാടി എന്ന നിലക്കായിരിക്കണം പോലീസ് ഒരുപാട് വിട്ടു വീഴ്ചകള്‍ ചെയ്തതും.
പത്തു മണി കഴിഞ്ഞും പരിപാടി അവസാനിപ്പിക്കാനുള്ള ലക്ഷണങ്ങള്‍ ഒന്നും കാണാത്തപ്പോഴാണ് ഇന്‍സ്പെക്ടര്‍ സുമേഷ് സുധാകരനും മറ്റൊരു പോലീസ് ഉദ്യാഗസ്ഥനും കയ്യില്‍ ഒരു ലാത്തി പോലുമില്ലാതെ 'സമയം അതിക്രമിച്ചു' എന്നൊരു വാണിംഗ് സമ്മേളന സ്ഥലത്ത് പോയി കൊടുക്കുന്നത്,
അതിനു ശേഷം നമ്മള്‍ കണ്ടത് കൃത്യമായി പദ്ധതിയിട്ടെന്ന് സംശയിക്കാവുന്ന രീതിയില്‍ പോലീസിനെ അധിക്ഷേപിക്കാനും പരിഹസിക്കാനുമുള്ള നീക്കമാണ് മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ ചില മുസ്ലിം സംഘടനകളില്‍ നിന്നുണ്ടായത്.
പോലീസ് ഉദ്യാഗസ്ഥര്‍ ആ വേദി വിട്ടു പോവുമ്പോള്‍ പരിഹാസ ശരങ്ങള്‍ ഉയര്‍ത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെ ചിരിച്ചു കാണിച്ചത് വലിയ അപരാധം പോലെയാണ് ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കള്‍ വരച്ചു വെച്ചിരിക്കുന്നത്.
മുസ്ലിം സംഘടന നടത്തുന്ന പരിപാടി ആയത്  കൊണ്ട് സംഘി പോലീസ് വര്‍ഗീയതയോടെ  പെരുമാറി എന്നതാണ് ആരോപണം.
മലബാറില്‍ നിന്നു ഇത്തവണ കോണ്‍ഗ്രസ് എംഎല്‍എ ഉണ്ടാവുമെന്ന ഷാഫി പറമ്പിലിന്റെ പ്രഖ്യാപനവും ഈ വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമങ്ങളും ചേര്‍ത്തു വായിക്കേണ്ടതുണ്ട്.
കഴിഞ്ഞ മാര്‍ച്ചിലാണ്  ആലപ്പുഴ കൊറ്റംകുളങ്ങര ക്ഷേത്രത്തില്‍ പത്തു വയസുകാരി ഗംഗ ശശിധരന്റെ വയലിന്‍ കച്ചേരി നിര്‍ബന്ധപൂര്‍വം നിര്‍ത്തിച്ച പൊലീസ് നടപടി വാര്‍ത്തകളില്‍ നിറഞ്ഞത്, രാത്രി 10 മണി ആയതിനാല്‍ പരിപാടി നിര്‍ത്താന്‍ ആവശ്യപ്പെട്ട് പൊലീസ് സ്റ്റേജിന് മുന്നിലേക്കു വരികയായിരുന്നു. ഇതുകണ്ട് ഞെട്ടലോടെ വയലിന്‍ നിര്‍ത്തി നോക്കുന്ന ഗംഗയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
അന്ന് വന്ന വാര്‍ത്തകള്‍ക്ക് താഴെ മുഴുവന്‍ പോലീസില്‍ മുഴുവന്‍ സുഡാപ്പികള്‍ ആണെന്ന സംഘ പരിവാര്‍ അധിക്ഷേപമായിരുന്നു.
പറഞ്ഞു വരുന്നത് ഷാഫി പറമ്പിലിനോടും
മുസ്ലിം ലീഗ് നേതാക്കളോടും ചില മുസ്ലിം സംഘടനകളോടുമാണ്,
രാഷ്ട്രീയ ലക്ഷ്യം വെച്ച് നിങ്ങള്‍ മുസ്ലിം സമുദായത്തെ ഒറ്റു കൊടുക്കരുത്,
ഈ നാടിന്റെ മതമൈത്രിക്ക് തുരങ്കം വെക്കരുത്,
നീതി ബോധത്തോടെ പ്രവര്‍ത്തിക്കുന്ന പോലീസ് ഉദ്യാഗസ്ഥരെ മുഴുവന്‍ സംഘി പാളയത്തില്‍ കൊണ്ട് ചെന്ന് കെട്ടരുത്.
കാന്തപുരം സുന്നികളുടെ പരിപാടി സമയം ക്രമം പാലിച്ചില്ല എന്ന് പറഞ്ഞു പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ചു നടത്തിയ ലീഗുകാരുടെ പഴങ്കഥകള്‍ വീണ്ടും കുത്തി പൊക്കിക്കരുത്...!
പ്രിയപ്പെട്ട സുമേഷ് സാര്‍,
പത്തു മണിയാവുമ്പോള്‍ ഉറങ്ങാന്‍ കിടക്കുന്ന,
ചെറിയ ശബ്ദം പോലും അസ്വസ്ഥതയുണ്ടാക്കുന്ന,
അത് കേട്ട് കരയുന്ന,
എന്റെ മകള്‍ കൂടി ജീവിക്കുന്ന നഗരമാണ് പെരിന്തല്‍മണ്ണ,
വെന്റിലേറ്ററിലും ഐസിയുവിലുമായി നിരവധി മനുഷ്യര്‍ ജീവിതത്തോടും മരണത്തോടും പോരാടുന്ന നഗരം,
പത്തു മണി കഴിഞ്ഞാല്‍ മൈക്ക് ഓഫ് ചെയ്യണമെന്ന നിയമത്തെ സംരക്ഷിക്കാന്‍ ഇറങ്ങിയ താങ്കളോട് എനിക്ക് വ്യക്തിപരമായി തന്നെ നന്ദിയുണ്ട്,
പ്രളയ കാലത്ത് സ്വന്തം കുഞ്ഞിനെയെന്ന പോലെ വെള്ളത്തിലകപ്പെട്ട ഒരു കുഞ്ഞിനെ ചുമലില്‍ വെച്ച് നടക്കുന്ന താങ്കളുടെ ചിത്രം മാത്രം മതി നിങ്ങള്‍ക്ക് നേരെ ഉയരുന്ന വര്‍ഗീയതയുടെ വെറുപ്പിന്റെ ഭാഷയെ ധൈര്യത്തോടെ മറികടക്കാന്‍..