എം.വി ജയരാജൻ ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരും; പുതുമുഖങ്ങളെയും വനിതാ നേതാക്കളെയും ഉൾപ്പെടുത്തി സി.പി.എമ്മിന് പുതു നേതൃത്വം വന്നേക്കും

11:15 AM Feb 02, 2025 | AVANI MV

കണ്ണൂർ : സി.പി.എം കണ്ണൂർ ജില്ലാ സമ്മേളനം തളിപറമ്പിൽ രണ്ടാം ദിനത്തിൽ എത്തിയിരിക്കെ നിലവിലുള്ള ജില്ലാ സെക്രട്ടറി എം.വി ജയരാജൻ തന്നെ തുടർന്നേക്കും ഇതു സംബന്ധിച്ചു സമ്മേളനത്തിൻ്റെ മുന്നോടിയായി ചേർന്ന അന്തിമ പാനൽ ജില്ലാ സെക്രട്ടറിയേറ്റ് തയ്യാറാക്കിയിട്ടുണ്ട്. എം. വി ജയരാജനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിലനിർത്തിക്കൊണ്ടുള്ളതാണ് പുതിയ ജില്ലാ കമ്മിറ്റി.

പുതുമുഖങ്ങൾക്കും വനിതകൾക്കും പ്രാധാന്യം നൽകി കൊണ്ടുള്ള ജില്ലാ കമ്മിറ്റിയാണ് തളിപ്പറമ്പ് സമ്മേളനത്തിൽ നിലവിൽ വരിക. മാധ്യമപ്രവർത്തനം ഒഴിവാക്കി സി.പി.എമ്മിലേക്ക് കടന്നുവന്ന എം.വി നികേഷ് കുമാറിന് ജില്ലാ കമ്മിറ്റിയിൽ സ്ഥിരാംഗത്വം നൽകിയേക്കും 'എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് കെ. അനുശ്രീ, ഡി. വൈ എഫ്. ഐ ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് അഫ്സൽ, തുടങ്ങിയവർ ജില്ലാ കമ്മിറ്റിയിൽ ഇടം പിടിക്കും. വർഗബഹുജന സംഘടനാ ഭാരവാഹികളെയും കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തും.

മുതിർന്ന ട്രേഡ് യൂനിയൻ നേതാവ് കെ.പി സഹദേവൻ,ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ് കെ. ലീലഉൾപ്പടെയുള്ള നേതാക്കളെ ഒഴിവാക്കും. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യയ്ക്കു പകരം ഇപ്പോഴത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. കെ. കെ രത്നകുമാരിയെ പരിഗണിച്ചേക്കും. മലയോര മേഖലയിൽ മനു തോമസിന് പകരം പാർട്ടി ജില്ലാ കമ്മിറ്റിയിലേക്ക് ക്രിസ്ത്യൻ യുവനേതാക്കളിൽ ആരെയെങ്കിലും പരിഗണിച്ചേക്കും 'നിലവിൽ എംവി ജയരാജൻ കണ്ണൂർ ജില്ലാ സെക്രട്ടറിയായി മൂന്നാം ടേമിൽ തുടരുമെങ്കിലും ഏപ്രിലിൽ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ തൽസ്ഥാനത്ത് ടി.വി രാജേഷ് വരാൻ സാധ്യതയേറെയാണ്. ജയരാജൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ ആക്ടിങ് സെക്രട്ടറിയായിരുന്നു. ടി.വി രാജേഷ്.