ഭര്‍ത്യകുടുംബത്തില്‍ നിന്നുള്ള മാനസിക പീഡനം താങ്ങാനാവുന്നില്ലായെന്ന് ചൂണ്ടികാട്ടി യുവതി വീഡിയോ റെക്കോര്‍ഡ് ചെയ്ത ശേഷം ആത്മഹത്യ ചെയ്തു. നാല് മാസം മുന്‍പ് വിവാഹിതയായ യുവതിയാണ് മരിച്ചത്. ഉത്തര്‍ പ്രദേശിലെ മൊറാദാബാദ് സ്വദേശിയായ അമ്രീന്‍ ജവാന്‍(23) ആണ് മരിച്ചത്. ബെംഗളൂരുവില്‍ വെല്‍ഡറായി ജോലി ചെയ്ത് വരുന്ന തന്റെ ഭര്‍ത്താവും ഭര്‍ത്യപിതാവും ഭര്‍ത്യസഹോദരിയും ചേര്‍ന്നാണ് തന്നെ ആത്മഹത്യയിലേക്ക് തള്ളി വിട്ടതെന്ന് യുവതി വിഡിയോയില്‍ പറയുന്നു.
ഗര്‍ഭം അലസിയതിന് ശേഷം താന്‍ ബുദ്ധിമുട്ടുകയാണെന്ന് അമ്രീന്‍ വിഡിയോയില്‍ പറയുന്നു. ഭക്ഷണശീലം ഉള്‍പ്പെടെയുള്ള നിസ്സാരകാര്യങ്ങളുടെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ തന്നെ പതിവായി ഉപദ്രവിച്ചിരുന്നുവെന്നും തന്റെ മുറിയിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചതായും അമ്രിന്‍ വിഡിയോയില്‍ പറയുന്നു.
'എന്റെ മരണത്തിന് എന്റെ ഭര്‍ത്താവിന്റെ ബന്ധുക്കളാണ് ഉത്തരവാദികള്‍. എന്റെ ഭര്‍ത്താവും ഭാഗികമായി ഉത്തരവാദിയാണ്. അയാള്‍ക്ക് എന്നെ മനസ്സിലാകുന്നില്ല. എല്ലാം എന്റെ തെറ്റാണെന്നാണ് അയാള്‍ കരുതുന്നത്. അച്ഛനും സഹോദരിയും പറഞ്ഞു കൊടുക്കുന്നതാണ് അയാള്‍ വിശ്വസിക്കുന്നത്. എനിക്ക് ഇനി സഹിക്കാന്‍ കഴിയില്ല,' അമ്രിന്‍ വീഡിയോയില്‍ പറഞ്ഞു.
തന്റെ ഭര്‍ത്താവ് 'നീ എന്തുകൊണ്ട് മരിക്കുന്നില്ലാ' യെന്ന് ചോദിച്ചെന്നും ഭര്‍ത്യസഹോദരിയും ഭര്‍ത്യപിതാവും ഇതേ കാര്യം തന്നെയാണ് പറയുന്നതെന്നും അമ്രിന്‍ പറയുന്നു. തനിക്ക് സുഖമില്ലാതെ വന്നപ്പോള്‍ ചികിത്സയ്ക്കായി പണം നല്‍കിയത് തെറ്റായിപോയി എന്ന് ഭര്‍തൃവീട്ടുകാര്‍ തന്നോട് പറഞ്ഞതായി വീഡിയോയില്‍ പറഞ്ഞു. ചെലവഴിച്ച പണം തിരികെ നല്‍കാന്‍ അവര്‍ തന്നോട് ആവശ്യപ്പെട്ടുവെന്നും അമ്രീന്‍ വീഡിയോയില്‍ പറയുന്നു.
അതേ സമയം, മകള്‍ തന്നെ വിളിച്ച് പ്രശ്നങ്ങള്‍ പറഞ്ഞിരുന്നുവെന്നും ഒരുപാട് കരഞ്ഞുവെന്നും അമ്രീന്റെ പിതാവ് പറഞ്ഞു. അമ്രീന്റെ പിതാവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. നടപടികള്‍ അന്വേഷണത്തിന് ശേഷമുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.