ദേശീയ ആർക്കിടെക്ചർ അഭിരുചി പരീക്ഷ ആഗസ്റ്റ് ഒമ്പത് വരെ നീട്ടി. ഈ കാലയളവിൽ എല്ലാ വെള്ളി, ശനി ദിവസങ്ങളിലും പരീക്ഷയുണ്ടാവും. അഞ്ചുവർഷത്തെ ബി.ആർക് കോഴ്സിൽ ഒഴിവുള്ള സീറ്റുകളിൽ അർഹതയുള്ളവർക്ക് പ്രവേശനത്തിന് അവസരമൊരുക്കുന്നതിന് വേണ്ടിയാണിത്.
ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങളോടെ പ്ലസ് വൺ/പ്ലസ്ടു പരീക്ഷയെഴുതുന്നവർക്കും/പാസായവർക്കും ഡിപ്ലോമക്കാർക്കും (മാത്തമാറ്റിക്സ് പഠിച്ചിരിക്കണം) (മൊത്തം 45 ശതമാനം മാർക്കിൽ കുറയാതെ നേടിയിരിക്കണം) ‘നാറ്റ-2025’ന് രജിസ്റ്റർ ചെയ്യാവുന്നതാണ്. ഓരോ അധ്യയനവർഷവും പരമാവധി മൂന്ന് പ്രാവശ്യം ‘നാറ്റ’ അഭിമുഖീകരിക്കാം. നാറ്റ സ്കോറിന് രണ്ടു വർഷത്തെ പ്രാബല്യമുണ്ട്.
ബി.ആർക് പ്രവേശനം നൽകുന്ന സ്ഥാപനങ്ങൾ, യോഗ്യതാ മാനദണ്ഡങ്ങൾ, പരീക്ഷയുടെ സമഗ്ര വിവരങ്ങൾ അടങ്ങിയ ‘നാറ്റ-2025’ ബ്രോഷർ www.nata.in, www.coa.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. പരീക്ഷയിൽ പങ്കെടുക്കുന്നതിന് നിർദേശാനുസരണം ഓൺലൈനിൽ ആഗസ്റ്റ് അഞ്ചുവരെ രജിസ്റ്റർ ചെയ്യാം.