ന്യൂഡൽഹി: കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രതികളായ നാഷനൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വാദം കേൾക്കൽ മേയ് 21, 22 തീയതികളിലേക്ക് മാറ്റി. കൂട്ടുപ്രതി സാം പിത്രോഡക്ക് വ്യാഴാഴ്ച ഇ- മെയിൽ വഴി നോട്ടീസ് അയച്ചതിനാൽ വാദം കേൾക്കൽ മാറ്റിവെക്കുന്നതാകും ഉചിതമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെവാദം കേട്ട പ്രത്യേക ജഡ്ജി വിശാൽ ഗോഗ്നെ പറഞ്ഞു.
മേയ് രണ്ടിനാണ് സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും നോട്ടീസയച്ചത്. കേസിൽ സോണിയയെ മുഖ്യപ്രതിയാക്കി ഇ.ഡി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ചേർന്ന് ഫണ്ട് ദുർവിനിയോഗം നടത്തിയെന്ന് ആരോപിച്ച് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി നൽകിയ പരാതിയിൽ 2021 ൽ ഇ.ഡി രജിസ്റ്റർ ചെയ്ത കേസിലാണ് കുറ്റപത്രം.