കൊച്ചി : മലപ്പുറം ജില്ലയിലെ കൂരിയാട് ദേശീയപാത 66-ൽ സംഭവിച്ച തകർച്ച ജനജീവിതത്തിന് ഗുരുതരമായ ഭീഷണിയാണെന്ന് തൃണമൂൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ജസീലുദ്ദീൻ നെട്ടൂക്കുടി ആരോപിച്ചു. ഭൂവിദഗ്ധരുടെ മുന്നറിയിപ്പുകൾ അവഗണിച്ചും, ഗുണനിലവാരമില്ലത്ത നിർമാണവും മേൽനോട്ടമില്ലാതെയും മുന്നോട്ട് പോയതിന്റെ ദുരന്തമാണ് ഇപ്പോൾ കാണുന്നത്.
ദേശീയപാതയുടെ പേരിൽ കോടിക്കണക്കിന് രൂപ ചെലവാക്കി ജനങ്ങളുടെ സുരക്ഷയെ പണയപ്പെടുത്തികൊണ്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് പിന്നിൽ നീളുന്ന അഴിമതിയും അനാസ്ഥയും പുറത്തുവരണം. KNR കമ്പനിയെ സസ്‌പെൻഡ് ചെയ്തതുകൊണ്ട് മാത്രം മതിയാവില്ല. പൊതുമുതലും മനുഷ്യജീവിതവും അപകടത്തിലാക്കുന്ന പ്രോജക്ട് മാനേജുമെന്റിനെയും ഭരണകൂടത്തെയും നിയമപരമായി ഉത്തരവാദിത്വത്തിലാക്കണം.
സംസ്ഥാനവും കേന്ദ്രവും തമ്മിൽ കുറ്റം പറയുന്നതിനിടെ അപകടഭീഷണിയിൽ കഴിയുന്നത് കേരളത്തിലെ ജനങ്ങളാണെന്നും പദ്ധതി നടപ്പിലാക്കുമ്പോൾ ജിയോടെക്നിക്കൽ പഠനങ്ങൾ അവഗണിച്ചതായി ഇപ്പോൾ വ്യക്തമാകുമ്പോൾ NHAI ഉൾപ്പെടെയുള്ള ഏജൻസികൾക്കെതിരെ കുറ്റപത്രം തയ്യാറാക്കേണ്ടതുണ്ടെന്നും തൃണമൂൽ യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
കേരളം പോലൊരു പരിസ്ഥിതിദുർബലമായ ഭൂപ്രദേശത്ത് ഇത്തരം നിർമാണങ്ങൾ അമിതധൈര്യത്തോടെ നടത്തുമ്പോൾ പ്രദേശവാസികളുടെ അഭിപ്രായവും ശാസ്ത്രീയ പഠനങ്ങളും മുൻനിർത്തണമെന്ന ആവശ്യം പ്രാധാന്യം അർഹിക്കുന്നു. പാതയുടെ മുഴുവൻ നീളവും സാങ്കേതികപരമായി പുനപരിശോധിക്കേണ്ടതിന്റെ ആവശ്യകതയും കൂട്ടിച്ചേർത്തു. ജനങ്ങളുടെ ജീവപരിരക്ഷയെ മുൻനിർത്തി ഹൈക്കോടതിയും മാധ്യമങ്ങളും സ്വീകരിച്ച നിലപാടുകൾക്ക് തൃണമൂൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ജസീലുദ്ദീൻ നെട്ടൂക്കുടി അഭിനന്ദനം അറിയിച്ചു.