മിക്കവരിലും കണ്ട് വരുന്ന ചർമ്മപ്രശ്നമാണ് മുഖക്കുരു. പല കാരണങ്ങൾ കൊണ്ട് മുഖക്കുരു ഉണ്ടാകാം. പ്രായപൂർത്തിയാവുന്ന ഘട്ടത്തിലും ആർത്തവചക്രത്തിലുമുള്ള ഹോർമോൺ ഉത്പാദനം മുഖക്കുരു ഉണ്ടാവുന്നതിന് കാരണമാകാറുണ്ട്. മുഖക്കുരുവും പാടുകളും ഉണ്ടാകുന്നത് മുഖസൗന്ദര്യത്തെ മാത്രമല്ല, ആത്മവിശ്വാസത്തിനും കോട്ടം വരുത്തുന്നു. മുഖക്കുരു തടയാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ഒരു ഫേസ് പാക്കിനെ കുറിച്ചാണ് ഇനി പറയുന്നത്.
വേണ്ട ചേരുവകൾ
തേൻ 1 സ്പൂൺ
കറുവപ്പട്ട പൊടിച്ചത് 1 സ്പൂൺ
തെെര് 1 സ്പൂൺ
മഞ്ഞൾ ഒരു നുള്ള്
നാരങ്ങ നീര് ഒരു സ്പൂൺ
ഈ ഫേസ് പാക്ക് തയ്യാറാക്കുന്ന വിധം
മുകളിൽ പറഞ്ഞിരിക്കുന്ന ചേരുവകളെല്ലാം നന്നായി യോജിപ്പിച്ച് പാക്ക് ഉണ്ടാക്കിയ ശേഷം 15 മിനുട്ട് നേരം സെറ്റാകാനായി മാറ്റിവയ്ക്കുക. ശേഷം പാക്ക് മുഖത്തും കഴുത്തിലുമായി നന്നായി തേച്ച് പിടിപ്പിക്കുക. ഉണങ്ങിയതിന് ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.
തേനിലെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ മുഖക്കുരു, എക്സിമ, മറ്റ് ചർമ്മ അണുബാധകൾ എന്നിവ തടയാനും ചികിത്സിക്കാനും കഴിയും. കറുവപ്പട്ടയിലെ ആൻ്റിസെപ്റ്റിക് ഗുണങ്ങൾ മുഖക്കുരുവിനെ ചികിത്സിക്കാൻ സഹായിക്കും. തൈരിൻ്റെ ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ മുഖക്കുരു കുറയ്ക്കാൻ സഹായിക്കും.
കറുത്ത പാടുകൾ കുറയ്ക്കുക, ചർമ്മത്തിന് തിളക്കം നൽകുക, മുഖക്കുരു എന്നിവയുൾപ്പെടെയുള്ള ചർമ്മപ്രശ്നങ്ങൾ അകറ്റുന്നതിന് നാരങ്ങ മികച്ചതാണ്. വിറ്റാമിൻ സി, ആൻ്റിഓക്സിഡൻ്റുകൾ, മറ്റ് പോഷകങ്ങൾ എന്നിവയാൽ സമ്പന്നമാണ് നാരങ്ങ. കറുത്ത പാടുകൾ, പാടുകൾ, മുഖക്കുരു പാടുകൾ എന്നിവ കുറയ്ക്കാൻ നാരങ്ങ സഹായിക്കും. മാത്രമല്ല, ബ്ലാക്ക് ഹെഡ്സ്, വരണ്ട ചർമ്മം എന്നിവ അകറ്റുന്നതിനും നാരങ്ങ ഫലപ്രദമാണ്.