
കണ്ണൂര്‍: കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മന്ത്രി കെ. രാജൻ മാധ്യമങ്ങളോട് പറഞ്ഞത് വാസ്തവ വിരുദ്ധമെന്ന് തെളിഞ്ഞു.
നവീൻബാബു ജീവനൊടുക്കിയ കേസില്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ റവന്യൂ വകുപ്പ് മന്ത്രി കെ രാജനെതിരെയും പരാമര്‍ശമുണ്ട്. കണ്ണൂർ കളക്ടറേറ്റിൽ നടന്ന യാത്രയയപ്പിനിടെയുണ്ടായ സംഭവവികാസങ്ങൾ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് മന്ത്രിയെ ഫോണില്‍ യഥാസമയം അറിയി ച്ചിരുന്നതായാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നവീന്‍ ബാബു ആത്മഹത്യ ചെയ്യുന്നതിന് മുന്‍പും ശേഷവും കളക്ടര്‍ അരുണ്‍ കെ വിജയന് മന്ത്രിയെ ബന്ധപ്പെട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
കണ്ണൂർ കളക്ടറുടെ കോൺഫറൻസ് ഹാളിൽ നടന്നനവീന് ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ വിവാദ സംഭവങ്ങള്‍ അരങ്ങേറിയ ശേഷമാണ് കളക്ടര്‍ അരുണ്‍ കെ വിജയന് മന്ത്രി കെ രാജനെ ആദ്യമായി ഫോണില്‍ ബന്ധപ്പെടുന്നത്. 2024 ഒക്ടോബര്‍ പതിനാലിന് വൈകിട്ട് 5.56 ന് കളക്ടര്‍ മന്ത്രിയെ ബന്ധപ്പെട്ടു. പത്തൊന്‍പത് സെക്കന്‍ഡാണ് മന്ത്രിയും കളക്ടറും തമ്മില്‍ സംസാരിച്ചത്.
ഇതിന് ശേഷം 6.04 നും കളക്ടര്‍ മന്ത്രിയെ ബന്ധപ്പെട്ടു. 210 സെക്കന്‍ഡ് ഇരുവരും സംസാരിച്ചു. ഈ സംഭവങ്ങള്‍ക്ക് ശേഷം ഒക്ടോബര്‍ പതിനഞ്ചിന് പുലർച്ചെ ഏഴു മണിയോടെയാണ് എ.ഡി.എം നവീന്‍ ബാബുവിനെ കണ്ണൂർ പള്ളിക്കുന്നിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് ശേഷവും കളക്ടര്‍ മന്ത്രിയെ ഫോണില്‍ ബന്ധപ്പെട്ടു. പതിനഞ്ചാം തീയതി രാവിലെ 8.49നാണ് കളക്ടര്‍ മന്ത്രിയെ ബന്ധപ്പെട്ടത്. പത്തൊന്‍പത് സെക്കന്‍ഡ് ഇരുവരും സംസാരിച്ചു. കളക്ടറുടെ മൊഴിയില്‍ ഇക്കാര്യങ്ങള്‍ വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലിസ് സിഡിആര്‍ പരിശോധിച്ചു. ഇതില്‍ കളക്ടറും മന്ത്രിയും സംസാരിച്ച കാര്യം വ്യക്തമായെന്നും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
നവീന്‍ ബാബുവിന്റെ മരണത്തില്‍ മന്ത്രി കെ രാജനെ പ്രതിരോധത്തിലാക്കുന്നതായിരുന്നു കളക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴി. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദം മന്ത്രിയോട് സംസാരിച്ചിരുന്നുവെന്നായിരുന്നു കളക്ടർ മൊഴി നൽകിയത്. എന്നാൽ ഇതു സംബന്ധിച്ചു തനിക്ക് വിവരമൊന്നു മുണ്ടായിരുന്നില്ലെന്നായിരുന്നു മന്ത്രി കെ. രാജൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നത്. മന്ത്രിയുടെ വാക്കുകൾ വ്യാജമാണെന്നാണ് പൊലിസ് കണ്ണൂർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.