ഓസ്ട്രേലിയയില്‍ മുല്ലപ്പൂ കൊണ്ടുവന്നതിന് പിഴ അടയ്ക്കേണ്ടിവന്ന നവ്യ നായര്‍ ; യാത്ര തിരിക്കും മുമ്പേ അറിയേണ്ട കാര്യങ്ങള്‍

02:29 PM Sep 08, 2025 | Suchithra Sivadas

ഓസ്ട്രേലിയയിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി അധികൃതര്‍. രാജ്യത്തിന്റെ കാര്‍ഷികവും പ്രകൃതി ദത്തവുമായ പരിസ്ഥിതി സംരക്ഷിക്കുന്നതിനായി ബയോ സെക്യൂരിറ്റി നിയമങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാര്‍ ഇന്‍കമിങ് പാസഞ്ചര്‍ കാര്‍ഡ് വഴി കൊണ്ടുവരുന്ന സാധനങ്ങള്‍ ഡിക്ലയര്‍ ചെയ്യണം. ഡിക്ലയര്‍ ചെയ്യാത്തവ പിടികൂടിയാല്‍ 3300 ഓസ്ട്രേലിയന്‍ ഡോളര്‍ വരെ പിഴയും നിയമ നടപടിയും നേരിടേണ്ടിവരും. നിരോധിത വസ്തുക്കളില്‍ പൂക്കള്‍, വിത്തുക്കള്‍, പഴങ്ങള്‍, പച്ചക്കറികള്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍, ചീസ് , മാംസം, ഉല്‍പ്പന്നങ്ങള്‍, തേന്‍, മുട്ട, മണ്ണ്, സസ്യങ്ങളുടെ വേരുകള്‍, മരുന്നുകള്‍ (അനുമതിയില്ലാത്തവ) ,ആയുധങ്ങള്‍, വെടിക്കോപ്പുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു.


കഴിഞ്ഞ ദിവസമാണ് നടി നവ്യ നായര്‍ ഓസ്ട്രേലിയയില്‍ മുല്ലപ്പൂ കൊണ്ടുവന്നതിന് പിഴ അടയ്ക്കേണ്ടിവന്ന കാര്യം വെളിപ്പെടുത്തിയത്. സംശയമുള്ള ഏതെങ്കിലും വസ്തുക്കള്‍ യാത്രക്കാര്‍ ഡിക്ലയര്‍ ചെയ്യണമെന്ന് ഓസ്ട്രേലിയന്‍ കസ്റ്റംസ് വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.കഴിഞ്ഞ ദിവസം 15 സെന്റിമീറ്റര്‍ മുല്ലപ്പൂ കൈവശം വച്ചതിന് ഒന്നേകാല്‍ ലക്ഷം രൂപ (1980 ഡോളര്‍) പിഴ അടച്ചെന്ന് നവ്യ വെളിപ്പെടുത്തുകയായിരുന്നു.