നയൻതാരയുടെ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിക്ക് വീണ്ടും കോപ്പി റൈറ്റ് കുരുക്ക്: മറുപടി ആവശ്യപ്പെട്ട് ഹൈക്കോടതി

04:00 PM Sep 10, 2025 | Kavya Ramachandran

ചന്ദ്രമുഖി സിനിമയുടെ ക്ലിപ്പുകള്‍ അനുമതിയില്ലാതെ നയൻതാരയുടെ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടി സിനിമയുടെ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍, നയൻതാരയുടെ ഡോക്യുമെന്ററിയുടെ നിർമ്മാതാക്കളായ TARC സ്റ്റുഡിയോസിനോട് മറുപടി നൽകാൻ നിര്‍ദേശിച്ച്  മദ്രാസ് ഹൈക്കോടതി .

‘നാനും റൗഡി താൻ’ എന്ന ചിത്രത്തിലെ രംഗങ്ങൾ അനുവാദമില്ലാതെ നയൻതാര-ബിയോണ്ട് ദി ഫെയറി ടെയിൽ എന്ന ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചു എന്ന് ചൂണ്ടിക്കാട്ടി നടൻ ധനുഷിന്റെ വണ്ടർബാർ ഫിലിംസും ഡോക്യുമെന്ററി നിര്‍മാതാക്കള്‍ക്കെതിരെ പരാതി ഫയല്‍ ചെയ്തിരുന്നു. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നല്‍കിയ കേസ് ഇപ്പോ‍ഴും പരിഗണനയിലാണ്.

എബി ഇന്റർനാഷണലാണ് ചന്ദ്രമുഖി സിനിമയുടെ ക്ലിപ്പുകള്‍ അനുവാദമില്ലാതെ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയത് ചൂണ്ടിക്കാട്ടി പരാതി നല്‍കിയത്. 2005-ൽ പുറത്തിറങ്ങിയ ചിത്രത്തില്‍ ഒരു പ്രധാന വേഷം നയൻതാര അവതരിപ്പിച്ചിരുന്നു.

നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ഡോക്യുമെന്ററിയില്‍ നിന്ന് ക്ലിപ്പുകള്‍ നീക്കം ചെയ്യണമെന്ന് കാണിച്ചും. അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടും നിയമപരമായി നോട്ടീസ് നല്‍കിയതിന് ശേഷവും ഡോക്യുമെന്ററിയില്‍ ക്ലിപ്പുകള്‍ ഉപയോഗിക്കുന്നുവെന്നും എബി ഇന്റർനാഷണൽ കോടതിയില്‍ വാദിച്ചു.