പട്ന: ബിഹാറിൽ എൻ.ഡി.എ വീണ്ടും അധികാരത്തിലെത്തിയാൽ നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കുമെന്നും അവരുടെ സ്വത്ത് പാവങ്ങൾക്ക് വീതിച്ചുനൽകുമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദർഭംഗ, മുസാഫർപൂർ, സരൺ ജില്ലകളിൽ തെരഞ്ഞെടുപ്പ് റാലികളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണകക്ഷിയായ എൻ.ഡി.എ സഖ്യം സംസ്ഥാനത്ത് ചെയ്ത നല്ല കാര്യങ്ങൾ കാണാൻ കഴിയാത്ത, കേൾക്കാൻ ആഗ്രഹിക്കാത്ത, പറയാൻ ശേഷിയില്ലാത്ത ഇൻഡ്യ സഖ്യത്തിലെ മൂന്ന് കുരങ്ങന്മാരാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ആർ.ജെ.ഡി നേതാവ് തേജസ്വി യാദവും സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവുമെന്ന് അദ്ദേഹം പരിഹസിച്ചു.
മഹാത്മാഗാന്ധിയുടെ മൂന്ന് കുരങ്ങന്മാർ തിന്മ കാണുകയോ കേൾക്കുകയോ സംസാരിക്കുകയോ ചെയ്തില്ല. എന്നാൽ, ഇൻഡ്യ സഖ്യത്തിലെ മൂന്ന് കുരങ്ങന്മാരാണ് ഇപ്പോൾ നമുക്കുള്ളത്. എൻ.ഡി.എയുടെ നല്ല കാര്യങ്ങളൊന്നും കാണാത്ത പപ്പു, കേൾക്കാത്ത തപ്പു, പറയാത്ത അപ്പു എന്നിവരാണവരെന്നും യോഗി പറഞ്ഞു.