+

കഴുത്തു വേദന അലട്ടുന്നുവോ ?

കഴുത്തു വേദന അലട്ടുന്നുവോ ?

ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് ഏറ്റവും കൂടുതല്‍ ബാധിക്കുന്ന ഒന്നാണ് കഴുത്തുവേദന. 60 കഴിഞ്ഞവരില്‍ 85 ശതമാനം ആളുകളും സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ് ഉള്ളവരാണ്. കഴുത്തിലെ കശേരുക്കളുടെയും ഡിസ്‌കിന്റെയും അമിതമായ തേയ്മാനമാണ് ഇതിന് കാരണം. ഇത് 25 മുതല്‍ 30 വയസില്‍ തന്നെ കണ്ടുതുടങ്ങാം. തുടക്കത്തില്‍ വേദനയോ മറ്റു പ്രശ്‌നങ്ങളോ ഉണ്ടാകണമെന്നുമില്ല.

കഴുത്തുവേദന കുറയ്ക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ലളിതമായ ചില വ്യായാമങ്ങളുണ്ട്. വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന ഇവ കഴുത്തിന്റെ ഫ്‌ളെക്‌സിബിളിറ്റി കൂട്ടുകയും ചെയ്യും.

1) കഴുത്ത് ശരീരത്തിന്റെ രണ്ട് വശങ്ങളിലേക്കും ചരിക്കുന്നതാണ് ഒരു വ്യായാമം. ആദ്യം തല വലത്തേ തോളിലേക്കും പിന്നീട് ഇടത്തേ തോളിലേക്കും ചരിക്കാം. വലത്തോട്ട് ചരിക്കുമ്പോള്‍ വലത്തേ ചെവി വലത് തോളില്‍ മുട്ടണം. ഇതുതന്നെ മറുവശത്തും ചെയ്യണം. ഇങ്ങനെ ഒരു നാലഞ്ച് തവണ ആവര്‍ത്തിക്കാം.

2) തോളുകള്‍ പരമാവധി മുകളിലേക്ക് ഉയര്‍ത്തുന്നതാണ് മറ്റൊരു വ്യായാമം. ഇങ്ങനെ ചെയ്യുമ്പോള്‍ നിങ്ങളുടെ തോളുകള്‍ ചെവിയില്‍ മുട്ടണം. കുറച്ചുസമയം ഈ പൊസിഷനില്‍ നിന്നതിന് ശേഷമാണ് റിലീസ് ചെയ്യേണ്ടത്. ഇത് ദിവസവും 10-15 തവണ ചെയ്യുന്നത് വേദന കുറയ്ക്കും.

3) കഴുത്ത് നെഞ്ചുവരെ കുനിക്കുന്നതാണ് മറ്റൊരു വ്യായാമം. കുറച്ചുസമയം അങ്ങനെ നില്‍ക്കണം. ഇതും മൂന്ന്-നാല് തവണ ആവര്‍ത്തിച്ച് ചെയ്യാവുന്നതാണ്.

4) കഴുത്ത് ഇരുവശങ്ങളിലൂടെയും പരമാവധി പുറകോട്ട് തിരിക്കാം. നേരെ നിന്നതിന് ശേഷം ആദ്യം വലതുവശത്തുകൂടി കഴുത്ത് തിരിച്ച് പരമാവധി പുറകിലേക്ക് നോക്കുക. ഇതുതന്നെ മറുവശത്തുകൂടെയും ചെയ്യാം. പറ്റാവുന്നതുപോലെ നാലോ അഞ്ചോ തവണ ഇത് തുടരാം.

facebook twitter