തിരുവല്ല : തിരുവല്ല - അമ്പലപ്പുഴ സംസ്ഥാന പാതയിലെ നെടുമ്പ്രം തോട്ടടി പടിയിൽ റോഡിലേക്ക് വെള്ളം കയറി. ഇന്നലെ ഉച്ച കഴിഞ്ഞാണ് സമീപത്ത് കൂടി ഒഴുകുന്ന മണിമലയാർ കരകവിഞ്ഞതിനെ തുടർന്ന് റോഡിലേക്ക് വെള്ളം കയറിത്തുടങ്ങിയത്. റോഡിൻ്റെ നൂറ് മീറ്ററോളം ഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
റോഡിൻ്റെ ഇടതു ഭാഗത്ത് 100 മീറ്റർ അകലെ കൂടിയാണ് പമ്പ - മണിമലയാർ എന്നിവ ചേർന്ന് ഒഴുകുന്നത്. ഇവിടെ തോട്ടടിപ്പടി - പമ്പ ജലോത്സവം ഫിനിഷിംഗ് പോയിൻറ് റോഡിൻറെ 100 മീറ്ററോളം ഭാഗത്ത് കരിങ്കൽ നിർമ്മിത സംരക്ഷണഭിത്തി 2018ലെ മഹാപ്രളയത്തോടെ ഇടിഞ്ഞു വീണിരുന്നു. ഇതേ തുടർന്നാണ് മതിയിൽ നിന്നും വെള്ളം സമീപ പുരയിടം വഴി സംസ്ഥാനപാതയിലേക്ക് എത്തുന്നത്.
നിലവിൽ സംസ്ഥാനപാതയിൽ ഒരടിയോളം വെള്ളം ഉയർന്നിട്ടുണ്ട്. ഇരുചക്രവാഹന യാത്രക്കാർക്കും ചെറു വാഹനങ്ങൾക്കും കടന്നുപോകാൻ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. വെള്ളം ഉയരുന്ന പശ്ചാത്തലത്തിൽ വെള്ളക്കെട്ട് നിറഞ്ഞ പ്രദേശത്ത് സർവീസ് നിർത്തിവയ്ക്കാൻ വരെ സാധ്യതയുണ്ട്. ഈ ഭാഗത്തെ 25 ഓളം വീടുകളിലും വെള്ളം കയറിയിട്ടുണ്ട്.