മെഡിക്കൽ പി.ജി കോഴ്സുകളിലേക്കുള്ള 2025 വർഷത്തെ നാഷനൽ എലിജിബിലിറ്റി-കം-എൻട്രൻസ് ടെസ്റ്റ് (നീറ്റ്-പി.ജി 2025) ജൂൺ 15ന് നടത്തും. നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻസിനാണ് (മെഡിക്കൽ സയൻസസ്) പരീക്ഷാ ചുമതല. വിജ്ഞാപനവും വിവരണപത്രികയും https://natboard.edu.inൽനിന്ന് ഡൗൺലോഡ് ചെയ്യാം. പരീക്ഷയിൽ പങ്കെടുക്കുന്നതിന് മേയ് ഏഴ് രാത്രി 11.55 വരെ ഓൺലൈനിൽ അപേക്ഷിക്കാം.
പരീക്ഷാഫീസ്:ജനറൽ, ഒ.ബി.സി, ഇ.ഡബ്ല്യു.എസ് വിഭാഗങ്ങളിൽപെടുന്നവർക്ക് 3500 രൂപ. എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങൾക്ക് 2500 രൂപ മതി.
യോഗ്യത: അംഗീകൃത എം.ബി.ബി.എസ് ബിരുദവും എൻ.എം.സി/എം.സി.ഐ/സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ സ്ഥിരം/താൽക്കാലിക രജിസ്ട്രേഷനും. 2025 ജൂലൈ 31നകം ഒരുവർഷത്തെ ഇന്റേൺഷിപ് പൂർത്തിയാക്കിയിരിക്കണം.
പരീക്ഷ: നീറ്റ്-പി.ജി 2025 കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ ജൂൺ 15ന് രണ്ട് ഷിഫ്റ്റുകളായി നടത്തും. മൂന്നര മണിക്കൂർ പരീക്ഷയിൽ മൾട്ടിപ്പിൾ ചോയ്സ് മാതൃകയിൽ 200 ചോദ്യങ്ങളുണ്ടാവും. ശരിയുത്തരത്തിന് നാലു മാർക്ക്, ഉത്തരം തെറ്റിയാൽ ഓരോ മാർക്ക് കുറക്കും. പരീക്ഷാഘടനയും സിലബസും വിവരണപത്രികയിലുണ്ട്. ആദ്യഷിഫ്റ്റ് രാവിലെ ഒമ്പതു മുതൽ 12.30 വരെയും രണ്ടാമത്തെ ഷിഫ്റ്റ് ഉച്ചക്കുശേഷം 3.30 മുതൽ ഏഴുവരെയുമാണ് ക്രമീകരിച്ചിരിക്കുന്നത്.
അഡ്മിറ്റ് കാർഡ് ജൂൺ 11ന് വെബ്സൈറ്റിൽ ലഭ്യമാകും. പരീക്ഷാസമയവും സെന്ററും അഡ്മിറ്റ് കാർഡിലുണ്ടാവും. ഇതോടൊപ്പം പാൻകാർഡ്/ഡ്രൈവിങ് ലൈസൻസ്/വോട്ടർ ഐഡി/പാസ്പോർട്ട്/ആധാർ കാർഡ് (വിത്ത് ഫോട്ടോ) എന്നിവയിലൊന്നുകൂടി കൈവശം കരുതണം. ഇന്ത്യയൊട്ടാകെ 179 നഗരങ്ങളിൽ പരീക്ഷകേന്ദ്രങ്ങളുണ്ടാവും. കേരളത്തിൽ ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂർ നഗരങ്ങളിൽ പരീക്ഷകേന്ദ്രങ്ങൾ അനുവദിക്കും.
യോഗ്യത നേടാൻ: നീറ്റ്-പി.ജി 2025ൽ യോഗ്യത നേടുന്നതിന് ജനറൽ/ഇ.ഡബ്ല്യു.എസ് വിഭാഗത്തിലുള്ളവർ 50 പെർസെൈന്റലിൽ കുറയാതെയും എസ്.സി/എസ്.ടി/ഒ.ബി.സി വിഭാഗക്കാർ 40, ജനറൽ ഭിന്നശേഷിക്കാർ 45 പെർസെൈന്റലിൽ കുറയാതെയും കരസ്ഥമാക്കണം. പരീക്ഷഫലം ജൂലൈ 15ന് പ്രസിദ്ധീകരിക്കും. 2025-26 വർഷത്തെ മെഡിക്കൽ പി.ജി പ്രവേശനത്തിന് മാത്രമാണ് പ്രാബല്യം.
ഏകജാലകം: ദേശീയതലത്തിലുള്ള ഏകജാലക പ്രവേശന പരീക്ഷയാണിത്. നീറ്റ്-പി.ജി റാങ്കടിസ്ഥാനത്തിൽ 2025-26 വർഷത്തെ മെഡിക്കൽ പി.ജി (എം.ഡി/എം.എസ്/പി.ജി ഡിേപ്ലാമ) കോഴ്സുകളിൽ പ്രവേശനം നേടാം. സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെയും 50 ശതമാനം അഖിലേന്ത്യാ േക്വാട്ട സീറ്റുകളിലും സ്റ്റേറ്റ് േക്വാട്ട സീറ്റുകളിലും സ്വകാര്യ മെഡിക്കൽ കോളജുകളിലും സർവകലാശാലകളിലും കൽപിത സർവകലാശാലകളിലും സായുധസേന മെഡിക്കൽ സർവിസസിന് കീഴിലുള്ള സ്ഥാപനങ്ങളിലും നീറ്റ്-പി.ജി 2025 റാങ്കടിസ്ഥാനത്തിലാണ് മെഡിക്കൽ പി.ജി പ്രവേശനം. ഡി.എൻ.ബി, ആറുവർഷത്തെ ഡോക്ടർ എൻ.ബി, എൻ.ബി.ഇ.എം.എസ് ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനവും നീറ്റ് പി.ജി റാങ്കടിസ്ഥാനത്തിലായിരിക്കും.
അതേസമയം, ന്യൂഡൽഹി അടക്കമുള്ള എയിംസുകൾ, പിജിമെർ ചണ്ഡിഗഢ്, ജിപ്മെർ പുതുച്ചേരി, നിംഹാൻസ് ബംഗളൂരു, ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി തിരുവനന്തപുരം എന്നിവിടങ്ങളിലെ എം.ഡി, എം.എസ് പ്രവേശനം നീറ്റ്-പി.ജിയുടെ പരിധിയിൽപെടില്ല. ഇവിടെ പ്രത്യേക പരീക്ഷ നടത്തിയാണ് പ്രവേശനം.