നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

04:09 PM Sep 09, 2025 | Rejani TVM

കാഠ്മണ്ഡു: നേപ്പാളിൽ ജെൻ സി വിപ്ലവം കത്തിപ്പടർന്നതോടെ  കെ.പി. ശർമ ഒലി പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാജിവച്ചു. അഴിമതിയും ദുർഭരണവും ചൂണ്ടിക്കാട്ടിയും ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം എന്നിവയുൾപ്പെടെ 26 സാമൂഹികമാധ്യമങ്ങൾ നിരോധിച്ച സർക്കാർ നടപടിക്കുമെതിരെയാണ് യുവാക്കളുടെ പ്രക്ഷോഭം. 

പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും വസതികളടക്കം പ്രക്ഷോഭകർ അഗ്നിക്കിരയാക്കിയിരുന്നു. പ്രക്ഷോഭം കലാപമായി മാറിയതോടെയാണ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് കെ.പി ശർമ ഒലി രാജിവച്ചത്. പ്രക്ഷോഭം കടുക്കുകയും, പാർലമെൻ്റ് മന്ദിരം, നേതാക്കളുടെ വസതികൾ എന്നിവയുൾപ്പെടെ നിരവധി സുപ്രധാന ഓഫീസുകൾ പ്രക്ഷോഭകർ തകർക്കുകയും പ്രതിഷേധം മറ്റ് നഗരങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം.

നേപ്പാൾ സർക്കാരിനുനേരെ 'ജെൻ സീ വിപ്ലവം' എന്നപേരിൽ യുവാക്കളുടെ പ്രക്ഷോഭം ആളിപ്പടരുകയായിരുന്നു. വെള്ളിയാഴ്ച ആരംഭിച്ച പ്രക്ഷോഭം തിങ്കളാഴ്ച സുരക്ഷാസേന അടിച്ചമർത്താൻ തുടങ്ങിയതോടെയാണ് അക്രമാസക്തമായത്. പോലീസ് നടപടികളെത്തുടർന്ന് 19 പേർ മരിച്ചിരുന്നു. 347 പേർക്ക് പരിക്കേറ്റു.

അക്രമസംഭവങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി സ്ഥാനത്ത് നിന്ന് രമേശ് ലേഗഖ് രാജിവച്ചിരുന്നു. തൊട്ടുപുറകെ അടിയന്തര മന്ത്രിസഭായോഗം വിളിച്ചുചേർത്ത സർക്കാർ തിങ്കളാഴ്ച രാത്രി വൈകി സോഷ്യൽമീഡിയ സൈറ്റുകളുടെ നിരോധനം പിൻവലിച്ചുവെങ്കിലും പ്രക്ഷോഭം അവസാനിച്ചിരുന്നില്ല.