
ഒരു ഭ്രാന്തനെപ്പോലെയാണ് നെതന്യാഹു പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം എല്ലാ സമയത്തും ബോംബിടുകയാണെന്നും ഒരു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ തുറന്നടിച്ചതോടെ ട്രംപ് - നെതന്യാഹു ബന്ധത്തില്‍ വിള്ളല്‍ വീഴുകയാണെന്ന് സൂചന.
സിറിയന്‍ പ്രസിഡന്‍ഷ്യല്‍ പാലസിന് നേര്‍ക്ക് അടുത്തിടെ നടന്ന ഇസ്രായേല്‍ ആക്രമണത്തെക്കുറിച്ചായിരുന്നു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്റെ പരാമര്‍ശം. 'ബിബി ഒരു ഭ്രാന്തനെപ്പോലെയാണ് പ്രവര്‍ത്തിച്ചത്. അദ്ദേഹം എല്ലാ സമയത്തും ബോംബിടുകയാണ്. ഇത് ട്രംപ് ചെയ്യാന്‍ ശ്രമിക്കുന്ന കാര്യങ്ങളെ ദുര്‍ബലപ്പെടുത്തിയേക്കാം' - യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഡമാസ്‌കസിലെ ഇസ്രായേല്‍ വ്യോമാക്രമണങ്ങള്‍ക്കും തെക്കന്‍ സിറിയയിലെ സര്‍ക്കാര്‍ സേനകളെ ലക്ഷ്യമിട്ടതിനും പിന്നാലെയാണ് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്റെ ഈ പരാമര്‍ശമെന്നുള്ളതാണ് ശ്രദ്ധേയം. സിറിയയുമായുള്ള യുഎസിന്റെ ബന്ധം അടുത്തിടെ മെച്ചപ്പെട്ടിരുന്നു. ഇതിനിടെ ഗാസ മുനമ്പിലെ ഏക കത്തോലിക്കാ പള്ളിയായ ഹോളി ഫാമിലി കത്തോലിക്കാ പള്ളിയുടെ കോമ്പൗണ്ടും ഇസ്രായേല്‍ ആക്രമിച്ചിരുന്നു.ഇതു വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു.