മമ്മൂട്ടി കമ്പനി പുറത്തുവിട്ട പുതിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വാതിലിനരികിൽ കയ്യിലൊരു കട്ടനും ബീഡിയുമായി വിദൂരതയിലേക്ക് നോക്കി നിൽക്കുന്ന നായകൻ, അരികിലേക്ക് നടന്നടുക്കുന്ന നായിക. ഇരുവരുടെയും മുഖം വ്യക്തമല്ല.
മമ്മൂട്ടി കമ്പനിയുടെ പുതിയ പ്രൊജക്റ്റിന്റെ പോസ്റ്ററാണിത്. ആരോ എന്നു പേരിട്ടിരിക്കുന്ന ഈ പ്രൊജക്റ്റ് ഒരു ഷോർട്ട് ഫിലിമാണ്. സംവിധായകൻ രഞ്ജിത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രം എന്ന പ്രത്യേകതയുമുണ്ട്. മമ്മൂട്ടി കമ്പനിയാണ് നിർമാതാക്കൾ. ആദ്യമായാണ് മമ്മൂട്ടി കമ്പനി ഹ്രസ്വചിത്രം നിർമ്മിക്കുന്നതും. വിവിധ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഷോർട്ട് ഫിലിം തയ്യാറാക്കിയിരിക്കുന്നത്.
ശ്യാമപ്രസാദും മഞ്ജുവാര്യരുമാണ് ഈ ഹ്രസ്വചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. അസീസ് നെടുമങ്ങാടും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മഞ്ജുവും ശ്യാമപ്രസാദുമാണ് പോസ്റ്ററിലുള്ളത്.
മമ്മൂട്ടിയെ നായകനാക്കി നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് രഞ്ജിത്ത്. കൈയൊപ്പ് , പ്രാഞ്ചിയേട്ടൻ ആന്റ് ദ സെയ്ന്റ് , ബ്ളാക്ക്, പ്രജാപതി, പുത്തൻപണം, കടൽ കടന്നൊരു മാത്തുക്കുട്ടി , പാലേരി മാണിക്യം എന്നിവയെല്ലാം ഇതിൽ ശ്രദ്ധേയം. മമ്മൂട്ടി നായകനായ കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ് ആണ് രഞ്ജിത്തിന്റെ സംവിധാനത്തിൽ അവസാനം പുറത്തിറങ്ങിയ ചിത്രം. എം.ടിയുടെ ചെറുകഥകളെ ആസ്പദമാക്കി ഒരുക്കിയ മനോരഥങ്ങൾ ആന്തോളജിയിലെ ചെറുചിത്രം ആണിത്.