
ഇന്ത്യ-പാക് ബന്ധം കൂടുതല്‍ വഷളാകുന്നതിനിടെ പാകിസ്ഥാന് തുര്‍ക്കി ആയുധങ്ങള്‍ എത്തിച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇതില്‍ വിശദീകരണം നല്‍കുയാണ് തുര്‍ക്കിഷ് പ്രസിഡന്‍സി കമ്യുണിക്കേഷന്‍ ഡയറക്ടറേറ്റ്.
'തുര്‍ക്കിയില്‍ നിന്നുള്ള ഒരു ചരക്ക് വിമാനം ഇന്ധനം നിറയ്ക്കുന്നതിനായി പാകിസ്ഥാനില്‍ ഇറങ്ങി. പിന്നീട് അത് യാത്ര തുടര്‍ന്നു. ഔദ്യോഗിക വ്യക്തികളുടേയും സ്ഥാപനങ്ങളുടെയും പ്രസ്താവനകള്‍ അല്ലാതെ ഊഹാപോഹ വാര്‍ത്തകളെ ആശ്രയിക്കരുത്.' എന്നും തുര്‍ക്കി പ്രതികരിച്ചതായാണ് റിപ്പോര്‍ട്ട്.
ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലും യുദ്ധഭീഷണി ഉയര്‍ന്നുവരുന്ന സാഹചര്യത്തിലും, തുര്‍ക്കിയുടെ സി-130ഇ സൈനിക ഗതാഗത വിമാനം പാകിസ്ഥാനില്‍ എത്തിയത് വലിയ ആശങ്കകള്‍ക്ക് വഴിയൊരിക്കിയിരുന്നു. പാക്കിസ്ഥാന്റെ ഏറ്റവും അടുത്ത സഖ്യകക്ഷികളില്‍ ഒന്നായ തുര്‍ക്കി രാജ്യത്തിന് അടിയന്തരമായി ആയുധങ്ങള്‍ എത്തിച്ചിട്ടുണ്ടാകാമെന്നായിരുന്നു അഭ്യൂഹം. ഇതു തള്ളിയാണ് തുര്‍ക്കി പ്രതികരിച്ചിരിക്കുന്നത്.