തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ‘സമാധി’യായെന്ന് അവകാശപ്പെട്ട് മക്കൾ കല്ലറയിൽ മൂടിയ ഗോപൻ സ്വാമിയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആന്തരിക അവയവങ്ങൾ വിശദ പരിശോധനക്ക് അയച്ചിരിക്കുകയാണ്.
മരണകാരണമായേക്കാവുന്ന മുറിവുകളോ പരിക്കുകളോ മൃതദേഹത്തിൽ കാണാനില്ലെന്നായിരുന്നു പൊലീസിന്റെ ഇൻക്വസ്റ്റ് റിപ്പോർട്ടും. അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം സംബന്ധിച്ച കൂടുതൽ വ്യക്തത വരികയുള്ളൂ. ആന്തരികാവയവങ്ങളുടെ സാമ്പിളുകള്‍ രാസപരിശോധനയ്ക്കും അയക്കും. ഇതിന്റെ പരിശോധനാഫലം ലഭിക്കാന്‍ ഒരാഴ്ചയോളം സമയമെടുക്കും. ഇത് ലഭിച്ചാലേ മരണകാരണവും സമയവും കൃത്യമായി മനസിലാക്കാൻ സാധിക്കുകയുള്ളൂ.
പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ സാഹചര്യത്തിൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മൃതദേഹവുമായി ബന്ധുക്കൾ നെയ്യാറ്റിൻകര ആറലുംമൂട്ടിലെ വീട്ടിലേക്ക് പോകുമെന്നാണ് വിവരം. ഇന്ന് രാവിലെയാണ് കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്ത് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.
ഇന്ന് പുലർച്ചെ തന്നെ കല്ലറ പൊളിച്ച് പരിശോധന നടത്താൻ ജില്ല ഭരണകൂടം തീരുമാനിച്ചിരുന്നു. പൊലീസ്, ഫോറൻസിക് സർജൻമാർ, ആംബുലൻസ്, പരാതിക്കാരൻ എന്നിവരുടെ സാന്നിധ്യത്തിലാണ് കല്ലറ തുറന്നത്. ഗോപന്റെ ഭാര്യയും മക്കളും സമീപത്തെ വീട്ടിൽ ഉണ്ടെങ്കിലും പുറത്തിറങ്ങിയിരുന്നില്ല. ഇന്നലെ രാത്രി സമാധി സ്ഥലത്ത് മകൻ രാജസേനൻ പൂജ നടത്തിയിരുന്നു. ഇന്ന് രാവിലെ സ്ലാബ് പൊളിച്ചുമാറ്റിയപ്പോൾ കല്ലറയ്ക്കുള്ളില്‍ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നെഞ്ചുവരെ ഭസ്മവും പൂജാദ്രവ്യങ്ങളും കൊണ്ട് നിറച്ചനിലയിലായിരുന്നു. തുടര്‍ന്ന് മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പൂര്‍ണമായും അഴുകിയിട്ടില്ലാത്തതിനാലാണ് മെഡിക്കല്‍ കോളജില്‍വെച്ച് പോസ്റ്റ്മോര്‍ട്ടം നടത്താമെന്ന് തീരുമാനിച്ചത്.