+

നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതിന്റെ ക്രെഡിറ്റ് വേണ്ട : കാന്തപുരം അബൂബക്കർ മുസ്ലിയാർ

നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതിന്റെ ക്രെഡിറ്റ് വേണ്ട : കാന്തപുരം അബൂബക്കർ മുസ്ലിയാർ

കോഴിക്കോട് : നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതിന്റെ ക്രെഡിറ്റ് വേണ്ടെന്ന് കാന്തപുരം അബൂബക്കർ മുസ്ലിയാർ. നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതിന്റെ ക്രെഡിറ്റെടുക്കാൻ ചിലർ ശ്രമിച്ചെന്നും കാന്തപുരം പറഞ്ഞു. നിർബന്ധിത മതപരിവർത്തനം തങ്ങളുടെ പണിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാലക്കാട് എസ്എസ്എഫ് സാഹിത്യോത്സവ വേദിയിൽ സംസാരിക്കവെയാണ് കാന്തപുരം അബൂബക്കർ മുസ്ലിയാർ ഇക്കാര്യങ്ങൾ പറഞ്ഞത്.

ചിലർ ക്രെഡിറ്റ്‌ എടുക്കാൻ ശ്രമിച്ചു. ഞങ്ങൾക്ക് അതിൽ ക്രെഡിറ്റ് വേണ്ട. അതൊക്കെ അവരെടുത്തോട്ടെ. കടമ മാത്രമാണ് നിർവഹിച്ചത്. – കാന്തപുരം പറഞ്ഞു. നിർബന്ധിച്ച് മതപരിവർത്തനം നടത്തുക തങ്ങളുടെ പണി അല്ലെന്നും കാന്തപുരം കൂട്ടിച്ചേർത്തു. ഒരു വ്യക്തി കൊല്ലപ്പെട്ടാൽ അതിൽ മാപ്പ് കൊടുക്കാനുള്ള അധികാരം കുടുംബങ്ങൾക്കുണ്ട്. ഒന്നും വാങ്ങാതെയും പണം വാങ്ങിയും മാപ്പ് കൊടുക്കാമെന്നും അദ്ദേഹം പറഞ്ഞു. നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് കാന്തപുരത്തിന്റെ ഓഫീസിൽനിന്ന് അടുത്തിടെ പ്രസ്താവന പുറത്തുവന്നിരുന്നു. എന്നാൽ ഇത് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല.

വിധി നടപ്പാവാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേയാണ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചത്. ദിയാധനം സ്വീകരിക്കാൻ സാധിക്കില്ലെന്നും നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നുമുള്ള നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു കുടുംബം. സൂഫി പണ്ഡിതരുടെ ഇടപെടലിൽ അവർ വഴങ്ങുകയായിരുന്നുവെന്നാണ് കാന്തപുരം അവകാശപ്പെട്ടത്. വധശിക്ഷ നീട്ടിവെച്ച വിവരം കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ അറിയിക്കുകയും. ഔദ്യോഗിക വിധിപ്പകർപ്പ് ഫെയ്സ്ബുക്കിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. അതേസമയം നിമിഷപ്രിയയുടെ വിഷയത്തിൽ കാന്തപുരത്തിന്റെ ഇടപെടലൊ അവകാശവാദങ്ങളോ കേന്ദ്രസർക്കാർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

facebook twitter