നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാന്‍ ധാരണ; സ്ഥിരീകരണം ലഭിച്ചെന്ന് സൂഫി പണ്ഡിതന്റെ ശിഷ്യന്‍ ; സ്ഥിരീകരിക്കാതെ കേന്ദ്ര സര്‍ക്കാര്‍

06:06 AM Jul 29, 2025 |


യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാന്‍ ധാരണയായെന്നും ഇക്കാര്യത്തില്‍ യെമനില്‍ നിന്ന് സ്ഥിരീകരണം ലഭിച്ചെന്നും യെമനിലെ സൂഫി പണ്ഡിതന്റെ ശിഷ്യനായ ജവാദ് മുസ്തഫാവി വ്യക്തമാക്കി. അതേസമയം, വധശിക്ഷ റദ്ദാക്കാന്‍ ധാരണയായെന്ന വാര്‍ത്ത കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ കിട്ടിയ ശേഷം പ്രതികരിക്കാം എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത തെറ്റാണെന്ന് യമനിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം വ്യക്തമാക്കി.


വധശിക്ഷ റദ്ദാക്കാനും മറ്റു കാര്യങ്ങള്‍ തുടര്‍ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കാനും ധാരണയായെന്ന വിവരമാണ് കാന്തപുരത്തിന്റെ ഓഫീസ് ഇന്നലെ രാത്രി പങ്കുവെച്ചത്. യെമന്‍ പണ്ഡിത സംഘത്തിന് പുറമെ ഉത്തര യെമനിലെ ഭരണാധികാരികളും രാജ്യാന്തര നയതന്ത്ര ഉദ്യോഗസ്ഥരും മധ്യസ്ഥ ചര്‍ച്ചകളില്‍ പങ്കെടുത്തെന്നാണ് വിവരം. എന്നാല്‍, ദയധനത്തിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.