യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിൽ കേന്ദ്രം അടിയന്തിരമായി ഇടപെടണം ; രമേശ് ചെന്നിത്തല

07:33 PM Jul 09, 2025 | Neha Nair

തിരുവനന്തപുരം: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിൽ കേന്ദ്രസർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വധശിക്ഷ ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേ സമയം പിഎം കുസും പദ്ധതിയിലും അദ്ദേഹം പ്രതികരിച്ചു. പിഎം കുസും പദ്ധതിയിൽ അനർട്ട് സിഇഒ അടക്കം ഉള്ളവർക്ക് പങ്കുണ്ടെന്നും അഴിമതിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത് വരാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം തരൂർ സർവേ പങ്കുവച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ചെന്നിത്തല പ്രതികരിച്ചില്ല.

യെമൻ പൗരൻ തലാൽ അബ്ദു മഹ്ദി കൊല്ലപ്പെട്ട കേസിൽ യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവിൽ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടർ ഒപ്പുവെച്ചതായാണ് റിപ്പോർട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാൽ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യൺ ഡോളർ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമൻ പൗരനായ തലാൽ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദുമഹ്ദിയുടെ കുടുംബത്തെ നേരിൽകണ്ട് മോചനം സാധ്യമാക്കാൻ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. അബ്ദുമഹ്ദി ഉൾപ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും ചർച്ചകൾ നടത്തിയിരുന്നെങ്കിലും അതും ഫലവത്തായിരുന്നില്ല.

Trending :