നിങ്ങള്‍ എത്ര വലിയവനായാലും നിയമം നിങ്ങള്‍ക്കും മുകളിലാണ്'; അന്‍വറിനെ അറസ്റ്റ് ചെയ്ത നടപടിയില്‍ സ്പീക്കര്‍

06:26 AM Jan 07, 2025 | Suchithra Sivadas

നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ പി വി അന്‍വര്‍ എംഎല്‍എയെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതികരിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍. 'Be you ever so high, the law is above you' (നിങ്ങള്‍ എത്ര വലിയവനായാലും നിയമം നിങ്ങള്‍ക്കും മുകളിലാണ്) എന്ന ഇംഗ്ലീഷ് പഴമൊഴി ഉദ്ധരിച്ചുകൊണ്ടായിരുന്നു എ എന്‍ ഷംസീറിന്റെ പ്രതികരണം. അറസ്റ്റിന്റെ വിവരം പൊലീസ് അറിയിച്ചിരുന്നു. റിമാന്‍ഡ് ചെയ്തത് മജിസ്‌ട്രേറ്റ് അറിയിച്ചുവെന്നും സ്പീക്കര്‍ പറഞ്ഞു.


നിലമ്പൂര്‍ ഫോറസ്റ്റ് ആക്രമണവുമായി ബന്ധപ്പെട്ട കേസില്‍ ഇന്നലെയായിരുന്നു പി വി അന്‍വര്‍ എംഎല്‍എയെ നിലമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. എടവണ്ണ ഒതായിയിലെ വീട്ടിലെത്തിയായിരുന്നു അന്‍വറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന്റെ ഭാഗമായി വന്‍ പൊലീസ് സന്നാഹം വീട്ടില്‍ എത്തിയിരുന്നു. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ അന്‍വറിനെ പതിനാല് ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തിരുന്നു. ഒടുവില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയിരിക്കുകയാണ്.