+

നോര്‍ക്ക ട്രിപ്പിള്‍ വിന്‍: 18 നഴ്‌സുമാര്‍ക്ക് കൂടി ജര്‍മ്മന്‍ വര്‍ക്ക് പെര്‍മിറ്റ് കൈമാറി: സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുവേണം വിദേശയാത്രയെന്ന് പി ശ്രീരാമകൃഷ്ണന്‍

സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുമാത്രമേ വിദേശയാത്രകള്‍ ചെയ്യാവൂ എന്ന് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍   പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു


സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുമാത്രമേ വിദേശയാത്രകള്‍ ചെയ്യാവൂ എന്ന് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍   പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. തൊഴില്‍ തട്ടിപ്പുകള്‍ തടയാന്‍ നിയമനിര്‍മ്മാണം ഉള്‍പ്പെടെയുളള നടപടികള്‍ സ്വീകരിച്ചുവരികയാണ്. കേരളത്തിന്റെ അംബാസിഡര്‍മാര്‍ കൂടിയായ നഴ്സുമാര്‍ മികച്ച സേവനപാരമ്പര്യം നിലനിര്‍ത്താന്‍ നിരന്തരം ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. നോര്‍ക്ക ട്രിപ്പിള്‍ വിന്‍ കേരളാ പദ്ധതിയുടെ നാലും അഞ്ചും ബാച്ചുകളില്‍ ഉള്‍പ്പെട്ട ജര്‍മ്മന്‍ ഭാഷാപരിശീലനം പൂര്‍ത്തിയാക്കിയ എട്ട് നഴ്സുമാര്‍ക്ക് കൂടി വര്‍ക്ക് പെര്‍മിറ്റുകള്‍ കൈമാറി സംസാരിക്കുകയായിരുന്നു പി. ശ്രീരാമകൃഷ്ണന്‍. കഴിഞ്ഞദിവസം (മാര്‍ച്ച് 28ന്) 10 നഴ്സുമാക്കും വര്‍ക്ക് പെര്‍മിറ്റ് കൈമാറിയിരുന്നു. ജര്‍മ്മനിയിലേയ്ക്ക്  ട്രിപ്പിള്‍ വിന്‍ വഴി റിക്രൂട്ട്ചെയ്ത നഴ്സുമാര്‍ അടുത്ത ആറുമാസത്തിനുളളില്‍ 1000 പിന്നിട്ട് വലിയ കൂട്ടായാമയായി മാറുമെന്ന് ചടങ്ങില്‍ സംസാരിച്ച നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ അജിത് കോളശ്ശേരിയും പറഞ്ഞു. 

തിരുവനന്തപുരം, കൊച്ചി ഗോയ്‌ഥേ സെന്ററുകളില്‍ ജര്‍മ്മന്‍ ഭാഷാ പഠനത്തിന്റെ എ1, എ2, ബി 1 കോഴ്‌സുകള്‍ പാസായവര്‍ക്കാണ് പെര്‍മിറ്റുകള്‍ ലഭിച്ചത്. ഇവര്‍ക്ക് മെയ്മാസത്തോടെ ജര്‍മ്മനിയിലെത്താനാകും. ജര്‍മ്മനിയിലെ ബാഡൻ-വുർട്ടംബർഗ് (Baden-Württemberg) സംസ്ഥാനത്തെ ഹൈഡൽബർഗ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ എട്ടു പേര്‍ക്കും, മറ്റുളളവര്‍ ഹാംബർഗ് സംസ്ഥാനത്തെ ഹോസ്പിറ്റലുകളിലുമാണ് നിയമനം ലഭിച്ചിട്ടുളളത്. ജര്‍മ്മനിയിലെത്തിയശേഷം അസിസ്റ്റന്റ് നഴ്‌സായി ജോലി ചെയ്യുന്നതിനൊപ്പം ബി 2 ഭാഷാ പരിശീലനം ജര്‍മ്മനിയില്‍ പൂര്‍ത്തിയാക്കണം.

അംഗീകൃത പരീക്ഷകള്‍ പാസായതിനു ശേഷം ജര്‍മ്മനിയില്‍ രജിസ്‌ട്രേഡ് നഴ്‌സായി സേവനമനുഷ്ഠിക്കാന്‍ സാധിക്കും. തൈയ്ക്കാട് നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് മാനേജര്‍ പ്രകാശ് പി ജോസഫ്, ജീവനക്കാര്‍ എന്നിവര്‍ സംബന്ധിച്ചു.  നോര്‍ക്ക റൂട്ട്‌സും ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയും ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന  നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍. 

facebook twitter