കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരിച്ച സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി വി എന്‍ വാസവന്‍. ഏറ്റവും വേദനാജനകവും ദൗര്‍ഭാഗ്യകരവുമായ സംഭവത്തിന് സാക്ഷിയാവേണ്ടിവന്ന ദിവസമായിരുന്നുവെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
എന്തെല്ലാം ആശ്വാസവാക്കുകള്‍ പറഞ്ഞാലും ആ കുടുംബത്തിന്റെ നഷ്ടത്തിന് പകരമാകില്ലെന്ന് മന്ത്രി പറഞ്ഞു. അമ്മയെ നഷ്ടമായ മക്കളുടെ കണ്ണീരിന് മുന്നില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല. എങ്കിലും ആ കുടുംബത്തിന് തണലായി താനും സംസ്ഥാന സര്‍ക്കാരും എന്നും ഒപ്പമുണ്ടാവും. അവരുടെ വേദനയിലും ദുഃഖത്തിലും പങ്കുചേരുന്നുവെന്നും മന്ത്രി കുറിപ്പില്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഏറ്റവും വേദനാജനകവും ദൗര്‍ഭാഗ്യകരുമായ സംഭവത്തിന് സാക്ഷിയാവേണ്ടിവന്ന ദിവസമായിരുന്നു. കോട്ടയം ഗവ. മെഡിക്കല്‍ കോളജില്‍ നിലവിലെ 11, 14, 10 വാര്‍ഡുകളോട് ചേര്‍ന്നുള്ള ടോയ്‌ലറ്റ് കോംപ്ലക്‌സ് ഇടിഞ്ഞുവീണ് തലയോലപ്പറമ്പ് സ്വദേശിനിയായ ബിന്ദു എന്ന വീട്ടമ്മയുടെ ജീവന്‍ നഷ്ടമായി.
എന്തെല്ലാം ആശ്വാസവാക്കുകള്‍ പറഞ്ഞാലും ആ കുടുംബത്തിന്റെ നഷ്ടത്തിന് പകരമാവില്ല. അമ്മയെ നഷ്ടമായ മക്കളുടെ കണ്ണീരിന് മുന്നില്‍ ഒന്നും ചെയ്യാന്‍ സാധിക്കുകയില്ല എന്നും അറിയാം. എങ്കിലും ആ കുടുംബത്തിന് തണലായി ആശ്വാസമായി ഞാനും സംസ്ഥാന സര്‍ക്കാരും എന്നും ഒപ്പമുണ്ടാവും. അവരുടെ വേദനയിലും ദുഃഖത്തിലും പങ്കു ചേരുന്നു. പ്രിയ സഹോദരിക്ക് ആദരാഞ്ജലികള്‍.