ഭുവനേശ്വർ: ഒഡിയ കവിയും കേന്ദ്ര സാഹിത്യ അക്കാദമി മുൻ പ്രസിഡന്റും ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന രാമകാന്ത രഥ് (90) അന്തരിച്ചു. ഞായറാഴ്ച ഖാർവേൽ നഗറിലെ വസതിയിലായിരുന്നു അന്ത്യം.
2006ൽ പത്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. ഇന്ത്യൻ ഭരണ, സേവന, സാഹിത്യ സംഭാവനകൾക്ക് രഥ് എന്നും ഓർമിക്കപ്പെടുമെന്ന് ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരൺ മജ്ഹി പറഞ്ഞു. വിദേശത്തുള്ള മകൻ എത്തിയ ശേഷം, തിങ്കളാഴ്ച പുരി സ്വർഗദ്വാറിലായിരിക്കും അന്ത്യകർമങ്ങൾ നടക്കുക.
1934 ഡിസംബർ 13ന് കട്ടക്കിലാണ് രാമകാന്ത രഥ് ജനിച്ചത്. റാവൻഷാ കോളജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയശേഷം 1957 ലാണ് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റിവ് സർവിസിൽ ചേരുന്നത്. സംസ്ഥാന- കേന്ദ്ര സർക്കാറുകളിൽ നിരവധി പ്രധാന പദവികൾ വഹിച്ച ശേഷം 1992ൽ അദ്ദേഹം ഒഡിഷയുടെ ചീഫ് സെക്രട്ടറിയായി വിരമിച്ചു. 1993 മുതൽ 1998 വരെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ വൈസ് പ്രസിഡന്റായും 1998 മുതൽ 2003 വരെ പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
കേതേ ദിനാര (1962), അനേക കോത്താരി (1967), സന്ദിഗ്ധ മൃഗയ (1971), സപ്തമ ഋതു (1977), സചിത്ര അന്ധര (1982), ശ്രീ രാധ (1985), ശ്രേഷ്ഠ കവിത (1992) എന്നിവയാണ് പ്രധാന കൃതികൾ. 1977ൽ സാഹിത്യ അക്കാദമി അവാർഡ്, 1984ൽ സരള അവാർഡ്, 1990ൽ ബിഷുവ സമ്മാൻ, 2009ൽ സാഹിത്യ അക്കാദമി ഫെലോഷിപ് എന്നിവ ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന് മൂന്നു പെൺമക്കളും ഒരു മകനുമുണ്ട്.