ഗണപതിക്ക്‌ ഏത്തമിടുമ്പോൾ അറിയേണ്ട കാര്യങ്ങൾ

06:05 PM May 11, 2025 | Kavya Ramachandran

ഗണപതിയുടെ മുന്നിൽ അദ്ദേഹത്തെ വണങ്ങാനായി ചെയ്യുന്ന സവിശേഷമായ അനുഷ്ഠാനമാണ് ഏത്തമിടീൽ‍.സാധാരണയായി മറ്റു ദേവീദേവന്മാർക്ക് ഏത്തമിടീൽ ചെയ്യാറില്ല


 വിനായകന് മുന്നിൽ ഏത്തമിടുന്നതിനു പിന്നിൽ ഒരു കഥയുണ്ട്.ഒരിക്കൽ സ്ഥിതി കരകനായ ഭഗവാൻ മഹാവിഷ്ണു ശിവകുടുംബത്തെ വൈകുണ്ഠത്തിലേക്കു ക്ഷണിച്ചു. എല്ലാവരും ലോകകാര്യങ്ങൾ ചർച്ച ചെയ്തുകൊണ്ടിരുന്നപ്പോൾ ഉണ്ണിയായ ഗണപതി ഭഗവാൻ കാഴ്ചകൾ കാണാൻ വൈകുണ്ഠത്തിലൂടെ അങ്ങോളമിങ്ങോളം നടന്നു. ഈ നടപ്പിനിടെ ഭഗവാന്റെ സുദർശനചക്രം കാണാനിടയായി. ഉണ്ണിഗണപതിക്ക് എന്തു കണ്ടാലും വായിലിടുന്ന സ്വഭാവമാണുള്ളത്‌. ചക്രായുധവും എടുത്ത് വായിലിട്ടു. 

എന്നിട്ടു വിഴുങ്ങാൻ ബുദ്ധിമുട്ടു തോന്നിയതുകൊണ്ട് വായിൽത്തന്നെ വച്ചു കളിച്ചുകൊണ്ടിരുന്നു. ഒടുവിൽ ചക്രായുധം തിരഞ്ഞ വിഷ്ണുവിന്, വാപൂട്ടി കള്ളത്തരത്തിൽ നിൽക്കുന്ന ഗണപതിയെ കണ്ടപ്പോൾ കാര്യം മനസ്സിലായി. തിരികെ വാങ്ങാൻ എന്ത് ചെയ്യും.? ഭയപ്പെടുത്തതാണ് പറ്റില്ല. പേടിച്ചു വിഴുങ്ങാൻ സാധ്യതയുണ്ട്. ചിരിപ്പിക്കുക എന്നതാണ് ഏക വഴി.ഉണ്ണി ഗണേശനെ കുടുകുടെ ചിരിപ്പിക്കാൻ ഭഗവാൻ മഹാവിഷ്ണു ഗണപതിയുടെ മുന്നിൽനിന്ന് ഏത്തമിട്ടുകാണിച്ചു. 

പ്രത്യേക ശരീര ചലനങ്ങളോടെ വിഷ്ണു തനിക്കു മുന്നിൽ ഏത്തമിടുന്നതു കണ്ടപ്പോൾ ഗണപതി കുടുകുടെ ചിരിച്ചു. ആ സമയത്തു ഉണ്ണി വായ പിറക്കുകയും ചക്രായുധം നിലത്തു വീണു കിട്ടുകയും ചെയ്തു. അങ്ങിനെ ആ ആപത്ത് ഒഴിഞ്ഞു. ഉണ്ണിഗണപതി ഭഗവാനെ സന്തോഷിപ്പിച്ച് വിഘ്നങ്ങൾ നീക്കാനുള്ള ഉത്തമ മാർഗ്ഗമാണ് ഏത്തമിടൽ അന്നാണ് അഭിജ്ഞമതം.

“വലം കയ്യാൽ വാമശ്രവണവുമിട കൈവിരലിനാൽ വലം കാതും തോട്ടക്കഴലിണ പിണച്ചുള്ള നിലയിൽ നിലം കൈമുട്ടാലെ പലകുറി തൊടുന്നേ നടിയനി- ന്നലം കാരുണ്യാബ്ധേ! കളക മമ വിഘ്നം ഗണപതേ!”

ഈ മന്ത്രം ചൊല്ലികൊണ്ടാണ് ഗണപതി ഭഗവാനെ വന്ദിക്കേണ്ടത്, ഏത്തമിടേണ്ടത്. അതായത് വലംകൈ കൊണ്ട് ഇടത്തെ കാതും ഇടതുകൈകൊണ്ട് വലത്തെ കാതും തൊട്ടുകൊണ്ടും കാലുകൾ പിണച്ചു നിന്നുകൊണ്ടും കൈമുട്ടുകൾ പലവട്ടം നിലം തൊടുവിച്ച് ഗണപതിയെ വന്ദിക്കുന്നുവെന്ന് സാരം ഇടതു കാലിൻമേൽ ഊന്നിനിന്ന് വലത്ത് കാൽ ഇടത്തുകാലിന്റെ മുമ്പിൽക്കൂടി ഇടത്തോട്ട് കൊണ്ടുപോയി പെരുവിരൽ മാത്രം നിലത്തു തൊടുവിച്ച് നിൽക്കണം.

ഇടതുകൈയുടെ നടുവിരലും ചുണ്ടാണി വിരലും കൂടി വലത്തെ ചെവിയും വലത്തേ കൈ ഇടത്തേതിന്റെ മുൻവശത്തുകൂടി ഇടത്തോട്ട് കൊണ്ടുപോയി വലതുകൈയുടെ നടുവിരലും ചുണ്ടാണി വിരലും കൊണ്ട് ഇടത്തേ ചെവിയും പിടിക്കണം. എന്നിട്ടാണ് കുമ്പിടുകയും നിവരുകയും ചെയ്യേണ്ടത്. ഇങ്ങനെയാണ് ഏത്തമിടുന്നത്. ഭക്തനെ ആശ്രയിച്ചിരിക്കും ഇത് എത്ര പ്രാവശ്യം ചെയ്യണമെന്നത്.

സാധാരണയായി മൂന്ന്, അഞ്ച്, ഏഴ്, പന്ത്രണ്ട്, പതിനഞ്ച്, ഇരുപത്തൊന്ന്, മുപ്പത്തിയാറ് ഇങ്ങനെ പലവിധത്തിൽ ചെയ്യാറുണ്ട്. ഇത്തരത്തിൽ ചെയ്യുന്ന ഭക്തരിൽ നിന്നും വിഘ്നങ്ങൾ മാഞ്ഞുപോകുമെന്നാണ് വിശ്വാസം. എന്നാൽ ശാസ്ത്രീയമായി ഇതിനെ ബുദ്ധിയുണർത്തുന്ന ഒരു വ്യായാമമുറയായിട്ടാണ് പരിഗണിച്ചു വരുന്നത്. രക്തചംക്രമണത്തിനുവേണ്ടുന്ന ഈ വ്യായാമ മുറയിലൂടെ തലച്ചോറിലേക്ക് രക്തത്തിന്റെ ഒഴുക്ക് കൂടുമെന്നും പറയപ്പെടുന്നു.