ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ഒമർ അബ്ദുള്ള

07:24 PM May 10, 2025 | Neha Nair

ശ്രീനഗർ: പാക് ഷെല്ലാക്രമണത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഒമർ അബ്ദുള്ള. പഹൽഗാം ആക്രമണത്തിന് ശേഷം ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യ ഘട്ടത്തിന് പിന്നാലെ കശ്മീരിൽ പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് വ്യാപക ഷെല്ലാക്രമണമാണ് ഉണ്ടായിരുന്നത്.

അതേസമയം നിയന്ത്രണ മേഖലകളിൽ പല സ്ഥലങ്ങളിലും ആക്രമണ ശ്രമം നടക്കുന്നതായി അധികൃതർ അറിയിച്ചു. പാക്കിസ്ഥാനുമായുള്ള അന്താരാഷ്ട്ര അതിർത്തികളിൽ നിന്നുൾപ്പടെ തകർന്ന ഡ്രോൺ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ സായുധ ഡ്രോണുകൾ ഉണ്ടെന്ന് സംശയിക്കപ്പെടുന്നതായാണ് എഎൻഐ റിപ്പോർട്ട്. ബാരാമുള്ള, ശ്രീനഗർ, അവന്തിപോര, നഗ്രോട്ട, ജമ്മു, ഫിറോസ്പൂർ, പത്താൻകോട്ട്, ഫാസിൽക്ക, ലാൽഗഡ് ജട്ട, ജയ്സാൽമർ, ബാർമർ, ഭുജ്, കുവാർബെറ്റ്, ലഖി നാല എന്നിവിടങ്ങളിലാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.

അതേസമയം അതിർത്തി പ്രദേശങ്ങളിലുള്ള ജനങ്ങൾ വീടിനുള്ളിൽ തന്നെ തുടരാനും അനാവശ്യമായി പുറത്തിറങ്ങുന്നത് പരിമിതപ്പെടുത്താനും പ്രാദേശിക അധികാരികൾ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.