ഇടുക്കി: സംസ്കാര ചടങ്ങിനായി കുഴിയെടുക്കുന്നതിനിടെ കോണ്‍ക്രീറ്റ് സ്ലാബ് വീണ് അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു.മുങ്കലാര്‍ സ്വദേശി കറുപ്പസ്വാമി (50) ആണ് മരിച്ചത്..ഇടുക്കി വണ്ടിപ്പെരിയാര്‍ മൂങ്കലാറില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം.
കഴിഞ്ഞ ദിവസം മൂങ്കലാറിലെ വ്യാപാരിയായ പൊന്നുസ്വാമി കുഴഞ്ഞുവീണു മരിച്ചിരുന്നു. ഇയാളുടെ മൃതദേഹം സംസ്കരിക്കുന്നതിനായി മൂങ്കലാര്‍ പൊതുസ്മശാനത്തില്‍ കുഴിയെടുക്കുന്നതിനിടെയാണ് സംഭവം. കറുപ്പസ്വാമിയും അയ്യപ്പൻ എന്ന മറ്റൊരാളുമാണ് കുഴിയെടുത്തത്.
അയ്യപ്പൻ കുഴിയുടെ മുകളിലും കറുപ്പസ്വാമി കുഴിക്കുള്ളിലും നില്‍ക്കുന്നതിനിടെയാണ് സംഭവം. കുഴിയെടുത്ത് പൂര്‍ത്തിയാക്കി വൃത്തിയാക്കുന്നതിനിടെ തൊട്ടു സമീപത്തെ കല്ലറയിലെ കോണ്‍ക്രീറ്റ് സ്ലാബും അതിനുമുകളില്‍ പതിച്ച ഗ്രാനൈറ്റും കുഴിയിലേക്ക് വീഴുകയായിരുന്നു.
കുഴിയില്‍ നില്‍ക്കുകയായിരുന്ന കറുപ്പസ്വാമിയുടെ മുകളിലേക്കാണ് സ്ലാബ് വീണത്. സ്ലാബിനടിയില്‍പ്പെട്ട കറുപ്പസ്വാമിയെ സ്ഥലത്തുണ്ടായിരുന്നവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.