+

‘ഓപറേഷൻ സിന്ദൂർ’: പാകിസ്താനെതിരെ ഇന്ത്യ നടത്തിയ നടപടിയെകുറിച്ച് സേന മേധാവിമാർ രാഷ്ട്രപതിയെ ധരിപ്പിച്ചു

പഹൽഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി പാകിസ്താനെതിരെ ഇന്ത്യ നടത്തിയ ‘ഓപറേഷൻ സിന്ദൂർ’ സൈനിക നടപടി സംബന്ധിച്ച് സേനാ മേധാവിമാർ സർവ സൈന്യാധിപ കൂടിയായ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കണ്ട് വിശദീകരിച്ചു.

ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി പാകിസ്താനെതിരെ ഇന്ത്യ നടത്തിയ ‘ഓപറേഷൻ സിന്ദൂർ’ സൈനിക നടപടി സംബന്ധിച്ച് സേനാ മേധാവിമാർ സർവ സൈന്യാധിപ കൂടിയായ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കണ്ട് വിശദീകരിച്ചു.

സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാൻ, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, എയർ ചീഫ് മാർഷൽ എ.പി സിങ്, നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ. ത്രിപാഠി എന്നിവരാണ് സൈനിക നടപടിയെക്കുറിച്ച് വിശദീകരിച്ചത്. ബുധനാഴ്ച രാഷ്ട്രപതി ഭവനിലെത്തിയാണ് സേന മേധാവിമാർ രാഷ്ട്രപതിയെ കണ്ടത്.

ഭീകരതക്കെതിരായ ഇന്ത്യ നടത്തിയ ഓപറേഷൻ സിന്ദൂർ വിജയമാക്കി മാറ്റിയ സായുധ സേനകളുടെ ധീരതയെയും സമർപ്പണത്തെയും രാഷ്ട്രപതി അഭിനന്ദിച്ചു. നേരത്തെ, പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതിയെ സന്ദർശിച്ച് പാകിസ്താനെതിരെ നടത്തിയ സൈനിക നടപടിയുടെ വിശദാംശങ്ങൾ ധരിപ്പിച്ചിരുന്നു.

ഓപറേഷൻ സിന്ദൂർ എന്ന പേരിൽ പാകിസ്താന്റെ ഒമ്പത് ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യൻ സൈന്യം തകർത്തത്. ഓപറേഷൻ സിന്ദൂറിൽ പാകിസ്താനിലെയും പാക് അധീന കശ്മീരിലേയും ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ആക്രമണത്തിൽ നൂറിലേറെ ഭീകരരെ വധിച്ചതായി സൈന്യം വ്യക്തമാക്കിയിരുന്നു. കൂടാതെ, 1960 ൽ ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവച്ച സിന്ധു നദീജല കരാർ ഇന്ത്യ റദ്ദാക്കുകയും ചെയ്തിരുന്നു.

Trending :
facebook twitter