പാകിസ്ഥാനെ ആക്രമിച്ചത് ഫ്രഞ്ച് നിര്‍മ്മിത ആയുധങ്ങള്‍ ഉപയോഗിച്ച്, സ്‌കാല്‍പ് മിസൈലുകളും ഹമ്മര്‍ ബോംബുകളും ഭീകര കേന്ദ്രങ്ങളെ തരിപ്പണമാക്കി, പറന്നുയര്‍ന്നത് റഫാല്‍ വിമാനങ്ങള്‍

01:27 PM May 07, 2025 | Raj C

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ മറുപടിയായി ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ ഉപയോഗിച്ചത് ഫ്രഞ്ച് നിര്‍മിത ആയുധങ്ങള്‍. പാകിസ്ഥാനിലും പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലും ഒന്‍പത് ഭീകര ക്യാമ്പുകളില്‍ കൃത്യതയുള്ള ആക്രമണങ്ങളാണ് നടത്തിയത്.

SCALP-EG (സ്റ്റോം ഷാഡോ) ക്രൂയിസ് മിസൈലുകളും AASM HAMMER ബോംബുകളും റഫാല്‍ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് ഇന്ത്യ പാകിസ്ഥാനിലെ തീവ്രവാദി കേന്ദ്രങ്ങളില്‍ വര്‍ഷിച്ചു.

സ്‌കാല്‍പ് മിസൈലുകളുടെ പ്രത്യേകത

500 കിലോ മീറ്ററോളം ദൂരത്തില്‍ കൃത്യമായി ആക്രമിക്കാന്‍ കഴിയുന്ന മിസൈലുകളാണിവ, കണ്ടെത്താനാകാത്ത രീതിയില്‍ രൂപകല്‍പ്പന ചെയ്ത സ്റ്റെല്‍ത്ത് ഡിസൈന്‍. മാന്‍ഡ് സെന്ററുകള്‍, ബങ്കറുകള്‍, ഭീകര കേന്ദ്രങ്ങള്‍ തുടങ്ങിയവ ആക്രമിക്കാന്‍ ഉപയോഗിക്കും.

ബഹവാല്‍പൂര്‍ (ജെയ്ഷ്-ഇ-മുഹമ്മദിന്റെ ശക്തികേന്ദ്രം), മുരിദ്‌കെ (ലഷ്‌കര്‍-ഇ-തോയ്ബയുടെ ആസ്ഥാനം), മുസാഫറാബാദ് (ജീഗയിലെ ലഷ്‌കര്‍-ഇ-തോയ്ബയുടെ പ്രധാന കേന്ദ്രം) തുടങ്ങിയ തന്ത്രപ്രധാന ഭീകര കേന്ദ്രങ്ങളെ ഈ മിസൈല്‍ ലക്ഷ്യമിട്ടു.

ഇന്ത്യന്‍ വ്യോമമേഖലയില്‍ നിന്ന് വിക്ഷേപിച്ച ഈ മിസൈലുകള്‍, അതിര്‍ത്തി കടക്കാതെ തന്നെ നിശ്ചിത ലക്ഷ്യങ്ങളില്‍ കൃത്യതയുള്ള ആക്രമണങ്ങള്‍ ഉറപ്പാക്കി. മിസൈലിന്റെ ദീര്‍ഘദൂരവും സ്റ്റെല്‍ത്ത് സവിശേഷതകളും ഉപയോഗിച്ച് ഭീകര പരിശീലന ക്യാമ്പുകളും കൃത്യതയോടെ തകര്‍ത്തു.

AASM HAMMER (Armement Air-Sol Modulaire)

70 കിലോമീറ്റര്‍ വരെ പരിധിയുള്ള ബോംബുകളാണിവ. ആഴത്തിലുള്ള ആക്രമണ ദൗത്യങ്ങള്‍ക്കും അനുയോജ്യമായ ബഹുമുഖ കൃത്യതാ ബോംബ്. നിശ്ചലവും ചലിക്കുന്നതുമായ ലക്ഷ്യസ്ഥാനങ്ങളിലെത്താന്‍ ജിപിഎസ്, ലേസര്‍, ഇന്‍ഫ്രാറെഡ് ഗൈഡന്‍സ് സംവിധാനങ്ങള്‍ ഇതിനുണ്ട്.

ബഹവാല്‍പൂര്‍, മുരിദ്‌കെ, കോട്ലി, സിയാല്‍കോട്ട്, മുസാഫറാബാദ് എന്നിവിടങ്ങളിലെ ഒന്‍പത് ലക്ഷ്യസ്ഥാനങ്ങളിലും ഈ ബോംബുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തി.

ഇന്ത്യന്‍ ആര്‍മി, വ്യോമസേന, നാവികസേന എന്നിവ ഉള്‍പ്പെട്ട ഒരു അപൂര്‍വ ദൗത്യമായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍. റിസര്‍ച് ആന്‍ഡ് അനലിസിസ് വിംഗിന്റെ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഭീകര കേന്ദ്രങ്ങള്‍ കണ്ടെത്തി ആക്രമിക്കുകയായിരുന്നു.

ഇന്ത്യയുടെ നൂതന സൈനിക ശേഷിയും അതിര്‍ത്തി കടന്നുള്ള ഭീകരതയെ നിര്‍വീര്യമാക്കാനുള്ള ദൃഢനിശ്ചയവും പ്രകടമാക്കുന്നതാണ് ഓപ്പറേഷന്‍ സിന്ദൂര്‍. പ്രത്യേകിച്ച് പഹല്‍ഗാം ആക്രമണത്തിന് ശേഷം പാകിസ്ഥാന്‍ ഭീകര സംഘടനകള്‍ക്കെതിരെ നടപടിയെടുക്കാത്തതിന്റെ പശ്ചാത്തലത്തില്‍.

യുഎസ്, റഷ്യ, യുകെ തുടങ്ങിയ ആഗോള ശക്തികളെ ഇന്ത്യ വിവരം അറിയിച്ചു. ഓപ്പറേഷന്‍ ഭീകര ക്യാമ്പുകളില്‍ മാത്രം കേന്ദ്രീകരിച്ചതും സൈനികരെ ഒഴിവാക്കിയതും ഊന്നിപ്പറഞ്ഞ് അന്താരാഷ്ട്ര പിന്തുണ നിലനിര്‍ത്തി.