'ഓപ്പറേഷന്‍ സിന്ദൂര്‍ ഭീരുത്വമെന്ന് നായിക ; സനം തേരി കസം രണ്ടാം ഭാഗത്തില്‍ നിന്നും പിന്മാറുന്നുവെന്ന് നായകന്‍

02:49 PM May 12, 2025 | Suchithra Sivadas

ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷങ്ങള്‍ക്കിടെ 'സനം തേരി കസം' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ നിന്നും പാക് താരം മാവ്റ ഹോക്കെയ്നെ ഒഴിവാക്കിയതായി അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. ചിത്രത്തില്‍ മാവ്റ അഭിനയിക്കുകയാണെങ്കില്‍ നായകനായ താന്‍ സിനിമയില്‍ നിന്നും പിന്മാറും എന്ന് ഹര്‍ഷവര്‍ദ്ധന്‍ റാണെ ഇന്‍സ്റ്റഗ്രാമിലൂടെ പ്രഖ്യാപിച്ചിരുന്നു.
പഹല്‍ഗാം ആക്രമണത്തിന് ശേഷം, ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തെ അപലപിച്ചു കൊണ്ടുള്ള മാവ്റയുടെ പോസ്റ്റിന് മറുപടിയായാണ് ഹര്‍ഷവര്‍ദ്ധന്‍ പ്രതികരിച്ചത്. ഇന്ത്യയുടെത് ഭീരുത്വം നിറഞ്ഞ ആക്രമണമാണെന്നും നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെട്ടു എന്നായിരുന്നു മാവ്റയുടെ പ്രതികരണം.

''എല്ലാവര്‍ക്കും സ്ഫോടന ശബ്ദങ്ങള്‍ കേള്‍ക്കാമായിരുന്നു. ഭീരുത്വം നിറഞ്ഞ ഈ ആക്രമണത്തില്‍ എന്റെ രാജ്യത്തെ കുഞ്ഞുങ്ങള്‍ മരിച്ചു, നിരപരാധികളുടെ ജീവന്‍ നഷ്ടമായി. ഞങ്ങളുടെ സേനയുടെ പ്രത്യാക്രമണം നിങ്ങളുടെ രാജ്യത്ത് പരിഭ്രമം സൃഷ്ടിച്ച് കാണും'' എന്നായിരുന്നു ഓപ്പറേഷന്‍ സിന്ദൂറിനെതിരെ മാവ്റയുടെ പ്രതികരണം.

സനം തേരി കസം 2വില്‍ നിന്നും പിന്മാറും എന്ന ഹര്‍ഷവര്‍ദ്ധന്റെ തീരുമാനത്തെ 'പിആര്‍ തന്ത്രം' എന്നാണ് മാവ്റ വിശേഷിപ്പിച്ചത്. ''സാമാന്യബുദ്ധി ഉണ്ടാവുമെന്ന് ഞാന്‍ കരുതിയിരുന്ന ഒരാള്‍ ഗാഢനിദ്രയില്‍ നിന്നും ഒരു പിആര്‍ തന്ത്രവുമായി ഉയര്‍ത്തെഴുന്നേറ്റിട്ടുണ്ട്. നമ്മുടെ രാജ്യങ്ങള്‍ തമ്മില്‍ യുദ്ധം നടക്കുമ്പോള്‍ ഇങ്ങനെയാണോ നിങ്ങള്‍ ചെയ്യണ്ടത്? ശ്രദ്ധ നേടാനുള്ള പിആര്‍ തന്ത്രം. എന്തൊരു കഷ്ടം'' എന്നാണ് മാവ്റ കുറിച്ചത്.
ഇതിനോട് ഹര്‍ഷവര്‍ദ്ധന്‍ പ്രതികരിച്ചിട്ടുമുണ്ട്. ''ഇതൊരു വ്യക്തിപരമായ ആക്രമണം പോലെയാണ് തോന്നിയത്. അത്തരം ശ്രമങ്ങളെ അവഗണിക്കാന്‍ ഭാഗ്യവശാല്‍ എനിക്ക് സാധിക്കും. പക്ഷെ എന്റെ രാജ്യത്തിന്റെ അന്തസിന് എതിരെയുള്ള ആക്രമണത്തെ അവഗണിക്കാന്‍ സാധിക്കില്ല. ഒരു ഇന്ത്യന്‍ കര്‍ഷകന്‍ തന്റെ വിളകളില്‍ നിന്നും ആവശ്യമില്ലാത്ത കളകളെ പറിച്ചെടുത്ത് കളയും, അതിനെ കള നിയന്ത്രണം എന്നാണ് പറയുന്നത്.''

''അതിന് കര്‍ഷകന് ഒരു പിആര്‍ ടീം വേണ്ട, കോമണ്‍ സെന്‍സ് മതി. സിനിമയുടെ രണ്ടാം ഭാഗത്തില്‍ നിന്നും മാറാന്‍ ഞാന്‍ സന്നദ്ധത പ്രകടിപ്പിച്ചു. എന്റെ രാജ്യത്തിന്റെ പ്രവര്‍ത്തനങ്ങളെ 'ഭീരുത്വം' എന്ന് വിളിക്കുന്നവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാതിരിക്കാന്‍ എനിക്ക് പൂര്‍ണ്ണ അവകാശമുണ്ട്. അവളുടെ വാക്കുകളില്‍ വളരെയധികം വെറുപ്പും വ്യക്തിപരമായ പരാമര്‍ശങ്ങളുമുണ്ട്.''
''ഞാന്‍ അവരുടെ പേര് പരാമര്‍ശിക്കുകയോ പരിഹസിക്കുകയോ ചെയ്തിട്ടില്ല. ഒരു സ്ത്രീയെന്ന നിലയില്‍ അവരുടെ അന്തസിനെ ആക്രമിച്ചിട്ടില്ല. ആ നിലവാരം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നു'' എന്നാണ് ഹര്‍ഷവര്‍ദ്ധന്‍ പറയുന്നത്. അതേസമയം, 2016ല്‍ പുറത്തിറങ്ങിയ സനം തേരി കസം അന്ന് പരാജയമായിരുന്നു. എന്നാല്‍ റീ റിലീസില്‍ വന്‍ കളക്ഷന്‍ നേടിയതോടെ രണ്ടാം ഭാഗം അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിക്കുകയായുരുന്നു.