ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂരിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതിനായി ബുധനാഴ്ച രാവിലെ 10 മണിക്ക് വാര്‍ത്താസമ്മേളനം നടത്തുമെന്ന് പ്രതിരോധ മന്ത്രലയത്തിന്റെ അറിയിപ്പ് . ഓപ്പറേഷൻ സിന്ദൂറിനേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്രം വ്യക്തമാക്കും.
ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ പാക് ഭീകരര്‍ നടത്തിയ ഭീകരാക്രമണത്തിന് ഇന്ത്യയുടെ മറുപടിയായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍. സംയുക്ത സൈനിക ആക്രമണത്തിലൂടെ പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഒന്‍പത് കേന്ദ്രങ്ങളിലാണ് ഇന്ത്യ കനത്ത ആക്രമണം നടത്തിയത്. പുലര്‍ച്ചെ 1.44-നായിരുന്നു സൈന്യത്തിന്റെ തിരിച്ചടി.
ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടതായി പാകിസ്താന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 35 പേര്‍ക്ക് പരിക്കേറ്റതായും പാക് സൈന്യത്തിന്റെ പബ്ലിക് റിലേഷന്‍സ് വിഭാഗമായ ഇന്റര്‍ സര്‍വീസ് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അഹമ്മദ് ഷരീഫ് പറഞ്ഞു. രണ്ടു പേരെ കാണാതായതായും പാക് ഐടി മന്ത്രിക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അഹമ്മദ് ഷരീഫ് അറിയിച്ചു.